ടൊവിനോ തോമസിന്‍റെ റിലീസിന് കാത്തിരിക്കുന്ന സിനിമകളിൽ പ്രധാനപ്പെട്ട ഒന്നാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' (Tovino Thomas starrer Anweshippin Kandethum). താരം പൊലീസ് വേഷത്തിലെത്തുന്ന ഈ സിനിമ ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനിടെയുള്ള രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ (Anweshippin Kandethum behind-the-scenes video out).
ഡാർവിൻ കുര്യാക്കോസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തിയേറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയുടെ നിർമാണം നിർവഹിക്കുന്നത്. അടുത്തിടെയാണ് ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നത്.
വൻ വരവേൽപ്പാണ് ആരാധകർ ടീസറിന് നൽകിയത്. ട്രെയിലറിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുന്നതിനിടെയാണ് ഷൂട്ടിംഗിന് ഇടെയുള്ള, ചിത്രത്തിന്‍റെ പിന്നാമ്പുറ കാഴ്‌ചകൾ പുറത്ത് വന്നത്. സിനിമയുടെ ചിത്രീകരണ വേളയിൽ ലൊക്കേഷനിലെത്തിയ മറ്റ് താരങ്ങളെയും സിനിമാ പ്രവർത്തകരെയുമെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോയാണിത്.
ടൊവിനോയെ പൊലീസ് വേഷത്തിൽ ഈ വീഡിയോയിൽ കാണാം. കല്യാണി പ്രിയദർശൻ, ജോജു ജോർജ്, നടൻ സുധീഷ്, നിശാന്ത് സാഗർ, ബി ഉണ്ണികൃഷ്‌ണൻ, ഷറഫുദ്ദീൻ, ഷാജി കൈലാസ് തുടങ്ങിയവരെയും വീഡിയോയിൽ കാണാൻ കഴിയും. ഒരു ഭൂതക്കണ്ണാടി മുഖത്തുവച്ച ടൊവിനോയുടെ ഒരു ക്ലോസപ്പ് ഷോട്ടിലൂടെയാണ് ഈ വീഡിയോ തുടങ്ങുന്നത്. പിന്നീട് ലൊക്കേഷൻ കാഴ്‌ചകൾ ഓരോന്നായി വരുന്നു. ലൊക്കേഷനിൽ അണിയറ പ്രവർത്തകർ ക്രിക്കറ്റ് കളിക്കുന്നതും കളിചിരിയുമെല്ലാം നിറഞ്ഞതാണ് ഈ വീഡിയോ.