പൃഥ്വിരാജിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിതം'. സാഹിത്യകാരന്‍ ബെന്യാമിന്‍റെ ആടുജീവിതം എന്ന പ്രശസ്‌ത നോവലിനെ ആസ്‌പദമാക്കി ബ്ലെസ്സി അതേപേരില്‍ ഒരുക്കുന്ന ചിത്രത്തിനായി നാളേറെയായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് ടൊവിനോ തോമസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തനിക്ക് ആടുജീവിതം ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നുവെന്നാണ് ടൊവിനോ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കിയത്. 'ആടുജീവിത'ത്തിന് വേണ്ടി പൃഥ്വിരാജ് എടുത്ത എഫേര്‍ട്ടിനെ കുറിച്ചും ടൊവിനോ തോമസ് സംസാരിച്ചു.
'ബഷീറിന്‍റെ 'നീലവെളിച്ചം' പോലെ എനിക്ക് ചെയ്യാന്‍ ആഗ്രഹം ഉള്ളൊരു രചനയാണ് ഖസാക്കിന്‍റെ ഇതിഹാസം. അതുപോലെ ഭയങ്കര ഇഷ്‌ടമായ ഒന്നാണ് 'ആടുജീവിതം'. ഒട്ടും എളുപ്പമായിട്ടുള്ള കാര്യമല്ല. എന്നാലും വലിയ കൊതി തോന്നിയിട്ടുണ്ട്. രാജു ഏട്ടൻ അതിന് വേണ്ടി എടുത്ത എഫേര്‍ട്ട് ഒക്കെ നമ്മള്‍ കണ്ടതാണ്.
ശരാശരി ഒരു ആക്‌ടര്‍ സിനിമയ്ക്ക് വേണ്ടി എടുക്കുന്ന എഫേര്‍ട്ടിനേക്കാള്‍ കൂടുതല്‍ 'ആടുജീവിത'ത്തിനായി അദ്ദേഹം എടുത്തിട്ടുണ്ട്. ആ സമയത്താണ് കൊറോണ വന്നത്. പുള്ളിക്ക് ആ വെയ്റ്റ് പിന്നെയും തുടര്‍ന്ന് ചേയ്യേണ്ടി വന്നു. അതായത് ലോക്‌ഡൗൺ വന്നത് കൊണ്ട് സിനിമയുടെ ഷൂട്ടിന് വേണ്ടി ചെയ്‌തതെല്ലാം വീണ്ടും തുടർന്ന് പോകേണ്ടി വന്നു.
അത്രയും ചെറിയ സമയം കൊണ്ട് ആ സിനിമയില്‍ കാണുന്നത് പോലെ വെയ്റ്റ് കുറയ്ക്കുക എന്ന് പറയുന്നത് വലിയ എഫേര്‍ട്ട് വേണ്ട കാര്യമാണ്. നമ്മള്‍ കാണുന്ന സുന്ദരനും സുമുഖനുമായ രാജു ചേട്ടനില്‍ നിന്നും അങ്ങനെ ഒരു രൂപത്തിലേക്ക് മാറുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. വലിയ കാര്യമാണ് അത്. അതിന്‍റെ കൂടെ ലോക്‌സൗണും കാര്യങ്ങളുമായി നീണ്ടുപോവുകയും ചെയ്‌തപ്പോള്‍ പേഴ്‌സണലി എനിക്ക് വലിയ വിഷമം തോന്നിയിരുന്നു.