മലയാളത്തിൽ ബോക്‌സോഫിസ് റെക്കോഡുകൾ തിരുത്തി മുന്നേറുന്ന '2018 എവരിവണ്‍ ഈസ് എ ഹീറോ' ഒടിടിയിലേക്ക്. മലയാള സിനിമയുടെ ഇന്നോളമുള്ള കലക്ഷൻ റെക്കോഡുകളെ പിന്നിലാക്കി വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം സോണി ലിവിലാണ് സ്‍ട്രീമിംഗ് തുടങ്ങുക. ജൂണ്‍ ഏഴ് മുതല്‍ '2018' സോണി ലിവില്‍ ലഭ്യമാകും.
ജൂഡ് ആന്തണി ജോസഫിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ '2018' ആഗോളതലത്തിൽ ബോക്സോഫിസിൽ നിന്ന് 150 കോടി രൂപ നേടുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. 24 ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്‌സോഫിസില്‍ നിന്ന് 160 കോടിയാണ് ചിത്രം നേടിയത്. തിയറ്ററുകളില്‍ ഇന്നും നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ.
ചിത്രത്തിന്‍റെ തമിഴ്, തെലുഗു, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഈ വെള്ളിയാഴ്‌ച റിലീസ് ചെയ്‌തിരുന്നു. തെലുഗു പ്രേക്ഷകർ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ചതായാണ് അവിടെനിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 4.50 കോടിയാണ് ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുളള സിനിമയുടെ മൂന്ന് ദിവസത്തെ കലക്ഷൻ.
ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്‌ത ചിത്രം ആദ്യദിനം 1.01 കോടി രൂപയാണ് വാരിയത്. രണ്ടാം ദിവസം കലക്ഷനില്‍ 70 ശതമാനത്തോളം വർധനയാണ് ഉണ്ടായത്. ഇതിന് മുൻപ് ഒരു മലയാള ചിത്രത്തിന്‍റെ ഡബ്ബിങ് പതിപ്പിനും ഇത്രയും നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തമിഴിലും ഹിന്ദിയിലും ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ച '2018' മലയാളത്തിന് പുറമെ അന്യഭാഷയിലും റെക്കോഡുകൾ സൃഷ്‌ടിക്കുമെന്നുറപ്പ്.
ALSO READ:'ജാനകി ജാനേയും സിനിമ തന്നെയാണ്, പ്രദര്‍ശിപ്പിക്കാന്‍ ഒരിടം നല്‍കണം': '2018' ടീമിനും തിയേറ്റര്‍ ഉടമകള്‍ക്കും സംവിധായകന്‍റെ തുറന്ന കത്ത്
പ്രളയത്തിലകപ്പെട്ട കേരളത്തിന്‍റെ അതിജീവന കഥ പറഞ്ഞ ഈ സർവൈവല്‍ ത്രില്ലർ അതിവേഗം നൂറുകോടി ക്ലബ്ലിലെത്തുന്ന ആദ്യ ചിത്രമെന്ന സവിശേഷതയും നേരത്തെ സ്വന്തമാക്കിയിരുന്നു. 10 ദിവസംകൊണ്ടാണ് ചിത്രം 100 കോടി കടന്നത്. ഇപ്പോഴിതാ '2018' ഒടിടിയിലും എത്തുമ്പോള്‍ ഇന്ത്യക്ക് പുറത്തും ചിത്രത്തിന് വമ്പൻ സ്വീകാര്യത ലഭിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം 'എല്ലാവരും ഹീറോയാണ്' എന്ന ടാഗ്‌ലൈനോടെയാണ് പ്രദർശനത്തിനെത്തിയത്.
'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, സി കെ പദ്‍മ കുമാര്‍, ആന്‍റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. ജൂഡിനൊപ്പം അഖില്‍ പി ധര്‍മജനും ചേർന്നാണ് '2018'ന്‍റെ തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. നോബിള്‍ പോളാണ് സംഗീത സംവിധാനം.
ചിത്രം 150 കോടി നേടിയ വേളയില്‍ സിനിമയെ വിജയത്തിലേക്ക് കൈ പിടിച്ചുയർത്തിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് നിർമാതാവ് വേണു കുന്നപ്പിള്ളി രംഗത്തെത്തിയിരുന്നു. ചിത്രത്തിന്‍റെ ചരിത്ര നേട്ടത്തെക്കുറിച്ച് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം പ്രേക്ഷകർക്ക് നന്ദി അറിയിച്ചത്. 150 കോടിക്കൊപ്പം നിൽക്കുമ്പോഴും താൻ തലകുനിച്ചു കൈകൂപ്പി പ്രേക്ഷകരെ വന്ദിക്കുന്നുവെന്നായിരുന്നു വേണുവിന്‍റെ വാക്കുകൾ. അതിരുകടന്ന ആഹ്ളാദമോ അഹങ്കാരമോ ഇല്ലെന്നും ഇതെല്ലാം ദെെവ നിശ്ചയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ:ബോക്സോഫിസിൽ കുതിപ്പ് തുടർന്ന് '2018'; ആഗോളതലത്തിൽ 150 കോടി നേടുന്ന ആദ്യ മലയാള ചിത്രം