കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രശസ്‌ത കൃതി ‘നീലവെളിച്ചം’ ആസ്‌പദമാക്കി സംവിധായകൻ ആഷിക് അബു ഒരുക്കുന്ന സിനിമയാണ് നീലവെളിച്ചം. ടൊവിനോ തോമസാണ് സിനിമയിൽ നായകവേഷം കൈകാര്യം ചെയ്യുന്നത്. ഹൊറർ വിഭാഗത്തിൽ എത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയതു മുതൽ കാത്തിരിപ്പിലായിരുന്നു ആരാധകർ.
വൈക്കം മുഹമ്മദ് ബഷീറയുള്ള ടൊവിനോയുടെ രൂപമാറ്റം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. വളരെ ശാന്തതയോടെ കയ്യിൽ ഒരു പൂവും പിടിച്ച് നിന്നു കൊണ്ട് ബഷീറിൻ്റെ ജൻമദിനത്തിന് ടൊവിനോ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശേഷം വന്ന സിനിമയിലെ ഗാനങ്ങളായ ‘ഏകാന്തന്തയുടെ മഹാതീരവും’, ‘താമസമെന്തേ വരുവാൻ’, ‘അനുരാഗ മധുചഷകം’ എന്നിവ വൻ ഹിറ്റുകളായിരുന്നു.
അനുരാഗ മധുചഷകം: ‘അനുരാഗ മധുചഷകം’ എന്ന ഗാനത്തിലെ നൃത്ത രംഗത്തിന് നടി റീമാ കല്ലിങ്കൽ ഏറെ പ്രശംസ നേടിയിരുന്നു. യൂട്യൂബിൽ റിലീസ് ചെയ്‌ത വീഡിയോ അഞ്ച് ദശലക്ഷത്തിനു മുകളിൽ കാഴ്‌ചക്കാരെ സൃഷ്‌ടിച്ചിരുന്നു. മലയാള സിനിമയിലെ പ്രശസ്‌ത സംവിധായകനും നടി റിമ കല്ലിങ്കലിൻ്റെ ഭർത്താവുമായ ആഷിക് അബുവാണ് നീലവെളിച്ചം സംവിധാനം ചെയ്യുന്നത്.
പ്രേതബാതയുള്ളതായി ഏവരും വിശ്വസിക്കുന്ന വീട്ടിൽ താമസിക്കാനായി വരുന്ന ഒരു യുവ എഴുത്തുകാരന് അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളെ ആസ്‌പദമാക്കിയാണ് നീലവെളിച്ചം ഒരുക്കിയിരിക്കുന്നത്. നായകനും അദ്ദേഹം താമസിക്കുന്ന വീടിനെ ആവേശിച്ചിരിക്കുന്ന ആത്‌മാവും തമ്മിൽ ഉണ്ടാകുന്ന ബന്ധമാണ് കഥക്ക് ആധാരം.