ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ മാര്‍ച്ച് 13ന് നടന്ന 95ാമത് ഓസ്‌കര്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്‌കാരം നേടി 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം ചരിത്രം സൃഷ്‌ടിച്ചിരുന്നു. സംഗീത സംവിധായകൻ എം എം കീരവാണിയും ഗാന രചയിതാവ് ചന്ദ്രബോസും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ഈ പ്രത്യേക നിമിഷം ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് സന്തോഷിക്കാൻ ഒരു കാരണം കൂടി നൽകിയിരിക്കുകയാണ്. 'ആര്‍ആര്‍ആറി'നെയും 'നാട്ടു നാട്ടു'വിനെയും കുറിച്ചുള്ള ഹോളിവുഡ് താരത്തിന്‍റെ കമന്‍റാണ് അതിന് കാരണം. ഓസ്‌കര്‍ അവാര്‍ഡ് നേടുന്നതിന് മുമ്പ് തന്നെ 'നാട്ടു നാട്ടു' ഗാനം ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
തനിക്ക് 'നാട്ടു നാട്ടു'ഗാനം ഏറെ ഇഷ്‌ടമാണെന്നും 'ആർആർആർ' ആസ്വദിച്ചുവെന്നും ടോം ക്രൂയ്‌സ് തന്നോട് പറഞ്ഞതായി ഗാന രചയിതാവ് ചന്ദ്രബോസ് പറയുന്നു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ചന്ദ്രബോസ് ഇക്കാര്യം പങ്കുവച്ചത്. ഓസ്‌കർ ഉച്ച ഭക്ഷണ വേളയിലാണ് ടോം ക്രൂയ്‌സ് ചന്ദ്രബോസ് കൂടിക്കാഴ്‌ച നടന്നത്. അപ്പോഴാണ് ടോം ക്രൂയ്‌സ്, 'ആര്‍ആര്‍ആറി'നെയും 'നാട്ടു നാട്ടു'വിനെയും പുകഴ്ത്തിയതെന്ന് ചന്ദ്രബോസ് പറയുന്നു.
'ഞാൻ ടോം ക്രൂയ്‌സിനെ കണ്ടപ്പോൾ, അദ്ദേഹത്തിന്‍റെ അടുത്തേയ്‌ക്ക് ചെന്നു. എന്നെ പരിചയപ്പെടുത്തി. അദ്ദേഹം പറഞ്ഞു, 'വൗ, എനിക്ക് ആർആർആർ ഇഷ്‌ടമായി, നാട്ടു നാട്ടുവും ഇഷ്‌ടമായി.' നാട്ടു എന്ന വാക്ക്, ടോം ക്രൂയ്‌സിനെ പോലെയുള്ള ഒരു ഇതിഹാസ നടനിൽ നിന്ന് കേൾക്കാന്‍ കഴിയുക എന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്' - ചന്ദ്രബോസ് പറഞ്ഞു.