ടിറ്റോ വിൽസൻ നായകനായി പുതിയ ചിത്രം വരുന്നു. നിഷാദ് ഹസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സംഭവം ആരംഭം' സിനിമയിലാണ് ടിറ്റോ വിൽസൻ പ്രധാന കഥാപാത്രമായി എത്തുന്നത്. ഈ ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നു (Tito Wilson starrer Sambavam Arambam Teaser out).
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിൽ യൂക്ലാമ്പ് രാജൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ജനശ്രദ്ധ നേടിയ നടനാണ് ടിറ്റോ വിൽസൻ. താരം നായകനാകുന്ന 'സംഭവം ആരംഭം' സിനിമയ്‌ക്കായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമ മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പ് തരുന്നതാണ് ഇപ്പോൾ പുറത്തുവന്ന ടീസർ.
ടീം വട്ടം പ്രൊഡക്ഷന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ടീസർ മികച്ച പ്രതികരണമാണ് നേടുന്നത്. ടീം വട്ടം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന 'സംഭവം ആരംഭം' ക്രൈം - ആക്ഷൻ - ത്രില്ലർ ആയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. ഹെവി ഡോസ് എന്ന നായക കഥാപാത്രത്തെയാണ് 'സംഭവം ആരംഭ'ത്തിൽ ടിറ്റോ വിൽസൻ അവതരിപ്പിക്കുന്നത്.
തന്‍റെ സന്തോഷങ്ങൾക്ക് മറ്റുള്ളവരെ കരുവാക്കുന്ന കഥാപാത്രമാണ് ഹെവി ഡോസ് എന്നാണ് വിവരം. 'ലൂസിഫർ', 'ജയിലർ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുരുകൻ മാർട്ടിൻ, 'ഒരു മെക്‌സിക്കൻ അപാരത' സിനിമയുടെ സംവിധായകൻ ടോം ഇമ്മട്ടി, ചാർളി ജോ, പ്രശാന്ത് മുരളി, ലിജോ അഗസ്റ്റിൻ, ഇസ്‌മയിൽ കാലിക്കറ്റ്, മൻസൂർ വി എം സി, രണദിവെ, ഉണ്ണികൃഷ്‌ണൻ, ഉമേഷ് ഉദയകുമാർ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം മുപ്പതിലധികം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
'വിപ്ലവം ജയിക്കാനുള്ളതാണ്' ആണ് നിഷാദ് ഹസന്‍റെ ആദ്യ ചിത്രം. രണ്ട് മണിക്കൂർ സിംഗിൾ ഷോട്ടിൽ പൂർത്തീകരിച്ച് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ ചിത്രം കൂടിയാണ് 'വിപ്ലവം ജയിക്കാനുള്ളതാണ്'. ലോകത്തിലെ ആദ്യത്തെ തത്സമയ ഹ്രസ്വ ചിത്രമായ "വട്ട"ത്തിന്‍റെ സംവിധായകനും നിഷാദ് ഹസനാണ്.
ALSO READ:ധനുഷിന്‍റെ സംവിധാനം, മാത്യു തോമസും അനിഖയും പ്രിയ വാര്യരും പ്രധാന വേഷങ്ങളിൽ; കളർഫുളായി ഫസ്റ്റ് ലുക്ക്
റെജിൻ സാന്‍റോ ആണ് സംഭവം ആരംഭം സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് ജിതിനും നിർവഹിക്കുന്നു. ഡിനു മോഹൻ, നിഷാദ് ഹസൻ, അസി മൊയ്‌തു എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് വിനായക് ശരത് ചന്ദ്രനാണ്. കല - നിതിൻ ജിതേഷ് ജിത്തു, അസോസിയേറ്റ് ഡയറക്‌ടർ - സൗരഭ് ശിവ, അമൽ സുരേഷ്, മിട്ടു ജോസഫ്, സ്റ്റിൽസ് - റഹിസ് റോബിൻ, വിഎഫ്എക്‌സ് - രണ്‍ധീഷ് രാമകൃഷ്‌ണൻ, ഡിഐ - ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ് - സാജുമോൻ ആർ ഡി, ഡിസൈൻ - ടെർസോക്കോ ഫിലിംസ്.