ഇതാ ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു. ഉലകനായകൻ കമല്‍ ഹാസനും സംവിധായകൻ മണിരത്നവും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്ത്. 'തഗ് ലൈഫ്' എന്നാണ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. 'കെഎച്ച് 234' എന്നാണ് താത്കാലികമായി ചിത്രത്തിന് പേര് നൽകിയിരുന്നത്.
മൂന്നര പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ഉലകനായകൻ കമൽഹാസനും മണിരത്‌നവും വീണ്ടും ഒന്നിക്കുന്ന ദൃശ്യ വിസ്‌മയം തിരശീലയിൽ കാണാൻ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ആരാധകരും സിനിമാലോകവും. ഇപ്പോഴിതാ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ വീഡിയോയ്‌ക്കൊപ്പമാണ് അണിയറ പ്രവർത്തകർ ടൈറ്റിൽ പുറത്തുവിട്ടിരിക്കുന്നത്. ഏതായാലും ടൈറ്റിൽ അനൗൺസ്‌മെന്‍റ് വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
'രംഗരായ ശക്തിവേല്‍ നായക്കൻ' എന്നാണ് കമൽഹാസൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കമൽഹാസന്‍റെ 69-മത് ജന്മദിനത്തിന് മുന്നെയാണ് ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപനം നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ദുൽഖർ സൽമാൻ, ജയം രവി, തൃഷ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടൈറ്റിൽ റിലീസിന് മുൻപുള്ള മണിക്കൂറുകളിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിലെ ഇവരുടെ സാന്നിധ്യം ഔദ്യോഗികമായി അറിയിച്ചത്.
ഈ ഇതിഹാസ യാത്രയിൽ ദുൽഖർ സൽമാനുമായും തൃഷയുമായും സഹകരിക്കുന്നതിൽ കമൽ ഹാസന്‍റെ പ്രൊഡക്ഷൻ ഹൗസായ രാജ് കമൽ ഫിലിംസ് ഇന്‍റര്‍നാഷണൽ ആവേശം പ്രകടിപ്പിച്ചു. ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്‍റെയും തൃഷയുടെയും പോസ്‌റ്ററുകളും നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ജീവിത കാലം മുഴുവൻ പഠിക്കാനുള്ള അവസരം എന്നാണ് ദുൽഖർ മറുപടിയായി കുറിച്ചത്.