ഗദഗ് (കർണാടക): 'കെജിഎഫ്' താരം യഷിന്‍റെ ജന്മദിനാഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് കർണാടകയിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. കൂറ്റൻ കട്ട് ഔട്ട് സ്ഥാപിക്കുന്നതിനിടെയാണ് അതിദാരുണമായ അപകടം നടന്നത്. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുമുണ്ട് (Yash's birthday celebration).
കർണാടകയിലെ ഗദഗ് ജില്ലയിലെ ലക്ഷ്‌മേശ്വര്‍ പട്ടണത്തിന് സമീപമുള്ള സോറനാഗി ഗ്രാമത്തിൽ തിങ്കളാഴ്‌ച പുലർച്ചെയാണ് സംഭവം. ഹനുമന്ത ഹരിജൻ (24), മുരളി നടുമണി (20), നവീൻ ഗാജി (20) എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റ മഞ്ജുനാഥ് ഹരിജൻ, പ്രകാശ് മ്യാഗേരി, ദീപക് ഹരിജൻ എന്നിവർ നിലവിൽ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്.
ജനുവരി 8 ന് യഷിന്‍റെ ജന്മദിനം ഫാൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കാനിരിക്കെയാണ് ദാരുണമായ അപകടം നടന്നത്. നടനോടുള്ള ആദരസൂചകമായി കട്ട്-ഔട്ട് സ്ഥാപിക്കാൻ ഫാൻസ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. തുടർന്ന് വലിയ ഫ്രെയിമിൽ ഒരുക്കിയ കട്ട്-ഔട്ട് സ്ഥാപിക്കുന്നതിനിടെയാണ് സമീപത്തെ ഹൈ ടെൻഷൻ വൈദ്യുതി വയറിൽ നിന്നും യുവാക്കൾക്ക് ഷോക്കേറ്റത്.
പരിക്കേറ്റ് ലക്ഷ്‌മേശ്വറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സ്ഥലം എംഎൽഎ ചന്ദ്രു ലമാനി സന്ദർശിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം അതിദാരുണമായ അപകടമാണ് സംഭവിച്ചതെന്നും പറഞ്ഞു. അതേസമയം പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് എസ്‌പി ബി എസ് നേമഗൗഡ് അറിയിച്ചു.