പെരുന്തച്ചന്‍റെ ഓര്‍മയില്‍ മലയാള സിനിമ:രാജ്യം കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭകളില്‍ ഒരാള്‍... മലയാള സിനിമയില്‍ സ്വാഭാവികമായ സംഭാഷണ രീതിയിലൂടെ തന്‍റേതായൊരു അഭിനയ ശൈലി ഉണ്ടാക്കിയെടുത്ത അതുല്യ നടന്‍. അതേ, മലയാള സിനിമയുടെ പെരുന്തച്ചന്‍റെ ഓര്‍മകള്‍ക്ക് ഇന്ന് 11 വയസ്.
നാടക നടനായി വളര്‍ന്ന് ഒടുവില്‍ വെള്ളിത്തിരയിലെത്തി മലയാള സിനിമയുടെ തലത്തൊട്ടപ്പനായി മാറിയ അഭിനയകുലപതിയുടെ വിയോഗം മലയാള സിനിമയ്‌ക്കെന്നും തീരാനഷ്‌ടമാണ്. മലയാളികളെ ദുഃഖത്തിലാഴ്‌ത്തി 2012 സെപ്റ്റംബർ 24നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.
നാല് പതിറ്റാണ്ടില്‍ 200 സിനിമകള്‍: മരിക്കുന്നതിന് മുമ്പ് വരെ ഒട്ടനവധി അനശ്വര കഥാപാത്രങ്ങള്‍ സമ്മാനിച്ചായിരുന്നു അദ്ദേഹത്തിന്‍റെ മടക്കം. നാല് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും സമ്മാനിച്ചത് 200ല്‍ പരം സിനിമകള്‍. ഇക്കാലയളവില്‍ ജീവിതഗന്ധിയായ ഒട്ടേറെ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നല്‍കി. സിനിമയിലെത്തും മുമ്പ് 22 വര്‍ഷത്തോളം നാടക രംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
ജനനവും വിദ്യാഭ്യാസവും:പാലപ്പുറത്ത് കേശവൻ സുരേന്ദ്രനാഥ തിലകൻ എന്നാണ് യഥാര്‍ഥ നാമം. പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ പഞ്ചായത്തിലെ പ്ലാങ്കമണിലാണ് ജനനം. പാലപ്പുറത്ത് ടിഎസ് കേശവന്‍റെയും ദേവയാനിയുടെയും ആറു മക്കളിൽ രണ്ടാമനായി 1935 ജൂലൈ 15ന് ജനിച്ചു. മാണിക്കലിലെ ആശാൻ പള്ളിക്കൂടം, നാലാംവയലിലെ സെന്‍റ് ലൂയിസ് കത്തോലിക് സ്‌കൂള്‍, കൊല്ലം ശ്രീനാരായണ കോളജ് എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
സിനിമയില്‍ എത്തുന്നതിന് മുമ്പ് സ്വന്തം നാടായ പ്ലാങ്കമണിലാണ് തിലകന്‍ താമസിച്ചിരുന്നത്.
കോളജ് വിട്ട് സ്‌റ്റേജിലേയ്‌ക്ക്: കോളജ് വിദ്യാഭ്യാസ കാലത്ത് തന്നെ നാടകങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമായിരുന്നു. എന്നാല്‍ 1955ൽ അഭിനയ ജീവിതം തുടരുന്നതിനായി കോളജ് വിട്ടു. ശേഷം തിലകൻ തന്‍റെ മുഴുവൻ സമയവും അഭിനയ ജീവിതത്തിനായി മാറ്റിവച്ചു. ഇക്കാലയളവിൽ സുഹൃത്തുക്കളുമായി ചേർന്ന് മുണ്ടക്കയത്ത്, മുണ്ടക്കയം നാടക സമിതി എന്ന പേരിൽ ഒരു നാടക ട്രൂപ്പ് രൂപീകരിച്ചു. അന്ന് തിലകന്‍റെ പിതാവ് ഒരു എസ്‌റ്റേറ്റ് സൂപ്പര്‍വൈസറായിരുന്നു.
നാടക ട്രൂപ്പുകള്‍ മുതല്‍ റേഡിയോ നാടകങ്ങള്‍ വരെ:1966 വരെ കേരള പീപ്പിൾസ് ആർട്‌സ് ക്ലബിൽ പ്രവർത്തിച്ച അദ്ദേഹം പിന്നീട് കാളിദാസ കലാകേന്ദ്രം, ചങ്ങനാശേരി ഗീത, പിജെ ആന്‍റണി ട്രൂപ്പ് എന്നീ നാടക സംഘങ്ങളില്‍ സജീവ സാന്നിധ്യം അറിയിച്ചു. പിജെ ആൻ്റണിയുടെ മരണശേഷം അദ്ദേഹം ആ നാടക ട്രൂപ്പ് ഏറ്റെടുത്ത് പ്രവർത്തിപ്പിച്ചു. ഇതിനിടെ ആകാശവാണിയില്‍ നിരവധി റേഡിയോ നാടകങ്ങളും അവതരിപ്പിച്ചു.
അരങ്ങേറ്റം പെരിയാറിലൂടെ, പക്ഷേ ആദ്യ റിലീസ് 1972ല്‍: നാടക നടനായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹത്തിന്‍റെ ആദ്യ സിനിമ പിജെ ആൻ്റണിയുടെ ഏക സംവിധാന സംരഭമായിരുന്ന 'പെരിയാർ' (1973) ആയിരുന്നു. എന്നാല്‍ ആദ്യം റിലീസായ ചിത്രം 1972ല്‍ പുറത്തിറങ്ങിയ 'ഗന്ധർവ്വക്ഷേത്രം' ആയിരുന്നു. ഈ സിനിമയില്‍ കേവലം ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള വേഷമായിരുന്നു തിലകന്‍റേത്.
ഉള്‍ക്കടലില്‍ തിളങ്ങി കോലങ്ങളില്‍ പ്രധാന വേഷം: 1979 മുതലാണ് സിനിമയില്‍ സജീവമാവുന്നത്. കെജി ജോർജ് സംവിധാനം ചെയ്‌ത 'ഉൾക്കടൽ' എന്ന ചിത്രത്തിലൂടെയാണ് തിലകന്‍ അഭിനയ ലോകത്തെ തിളക്കമായി മാറുന്നത്. 1981ല്‍ പുറത്തിറങ്ങിയ 'കോലങ്ങള്‍' എന്ന സിനിമയിലൂടെയാണ് തിലകന് ആദ്യമായി പ്രധാന വേഷം ചെയ്യുന്നത്. 1982ല്‍ പുറത്തിറങ്ങിയ 'യവനിക' എന്ന സിനിമയിലൂടെയാണ് തിലകന് ആദ്യമായി കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്. തുടര്‍ന്ന് നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി.
നടന വിസ്‌മയമായി തിലകന്‍: പിന്നീട് തിലകന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നിരവധി വേഷങ്ങളിലൂടെ തിലകന്‍ എന്ന അത്ഭുത നടന്‍റെ അഭിനയ നടനം ജനങ്ങള്‍ തിരിച്ചറിഞ്ഞു. നായകനായും വില്ലനായും സ്വഭാവ നടനായും തുടങ്ങി കയ്യില്‍ കിട്ടിയ വേഷങ്ങളെല്ലാം തിലകന്‍ ഭദ്രമാക്കി. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ജയറാം, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി മലയാള സിനമയിലെ മുന്‍ നിര സൂപ്പര്‍ താരങ്ങള്‍ മുതല്‍ യൂത്ത് ഐക്കണ്‍ താരങ്ങള്‍ക്കൊപ്പവും തിലകന്‍ വേഷമിട്ടു.
എണ്‍പതുകളില്‍ തിലകന്‍...ചിരിയോ ചിരി, പ്രേം നസീറിനെ കാണാനില്ല, പഞ്ചവടി പാലം, ഒന്നാണ് നമ്മള്‍, കൂട്ടിനിളംകിളി, എങ്ങനെ ഉണ്ടാശാനെ, ഉയരങ്ങളില്‍, അക്കച്ചീടെ കുഞ്ഞുവാവ, ഒരു കുടക്കീഴില്‍, ഇനിയും കഥ തുടരും, നോക്കത്താ ദൂരത്ത് കണ്ണും നട്ട്, കൂടും തേടി, അരം പ്ലസ് അരം കിന്നരം, എന്‍റെ കാണാക്കുയില്‍, യാത്ര, ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍, സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ഒരിടത്ത്, നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍, കുഞ്ഞാറ്റകിളികള്‍, ഇരകള്‍, രാരീരം, ചിലമ്പ്, എന്നെന്നും കണ്ണേട്ടന്‍റെ, ഇതിലെ ഇനിയും വരൂ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്‌ട്രീറ്റ്, കാലം മാറി കഥ മാറി, വിളമ്പരം, ഇടനാഴിയില്‍ ഒരു കാലൊച്ച, നാടോടിക്കാറ്റ്, തനിയാവര്‍ത്തനം, പട്ടണ പ്രവേശം, മൂന്നാം പക്കം, കുടുംബ പുരാണം, വരവേല്‍പ്പ്, നാടുവാഴികള്‍, കിരീടം, ജാതകം, ചാണക്യന്‍, അധര്‍വം തുടങ്ങിയവയാണ് 1980കളിലെ അദ്ദേഹത്തിന്‍റെ പ്രധാന സിനിമകള്‍.
സസ്‌നേഹം മുതല്‍ പല്ലാവൂര്‍ ദേവനാരായണന്‍ വരെ..സസ്‌നേഹം, രാജവാഴ്‌ച, പെരുന്തച്ചന്‍, കാട്ടുകുതിര, മതിലുകള്‍, വേനല്‍ കിനാവുകള്‍, സന്ദേശം, കിലുക്കം, ഗോഡ്‌ഫാദര്‍, ധനം, മഹാനഗരം, മൈ ഡിയര്‍ മുത്തച്ഛന്‍, ഏഴര പൊന്നാന, ദൈവത്തിന്‍റെ വികൃതികള്‍, കൗരവര്‍, സമാഗമം, ബന്ധുക്കള്‍ ശത്രുക്കള്‍, കളിപ്പാട്ടം, ഘോഷയാത്ര, ആചാര്യന്‍, ജനം, ചെങ്കോല്‍, അമ്മയാണ സത്യം, മണിച്ചിത്രത്താഴ്, പവിത്രം, പിന്‍ഗാമി, മിന്നാരം, കുടുംബ വിശേഷം, ഗമനം, സ്‌പടികം, കാതില്‍ ഒരു കിന്നാരം, ഉല്ലാസപൂങ്കാറ്റ്, അനിയത്തിപ്രാവ്, ഒരു യാത്രമൊഴി, മീനത്തില്‍ താലിക്കെട്ട്, മയില്‍പ്പീലക്കാവ്, ചിന്താവിഷ്‌ടയായ ശ്യാമള, സ്‌പര്‍ശം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തച്ചിലേടത്ത് ചുണ്ടന്‍, പല്ലാവൂര്‍ ദേവനാരായണന്‍ തുടങ്ങിയവയാണ് 90കളിലെ തിലകന്‍ ഹിറ്റുകള്‍..
നരസിംഹം മുതല്‍ ഉസ്‌താദ് ഹോട്ടല്‍ വരെ:നരസിംഹം ആണ് 2000ല്‍ അദ്ദേഹത്തിന്‍റേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ഇങ്ങനെ ഒരു നിലാപക്ഷി, പ്രിയം, മഴ, വാല്‍കണ്ണാടി, വെള്ളിനക്ഷത്രം, കൂട്ട്, സത്യം, മയൂഖം, രാഷ്‌ട്രം, ചിന്താമണി കൊലക്കേസ്, പ്രജാപതി, പകല്‍, അതിശയന്‍, മകന്‍റെ അച്ഛന്‍, റെഡ് ചില്ലീസ്, ഓര്‍ക്കുക വല്ലപ്പോഴും, ആയിരത്തില്‍ ഒരുവന്‍, ഇവിടം സ്വര്‍ഗമാണ്, നായകന്‍, ഇന്ത്യന്‍ റുപ്പീ, സ്‌പിരിറ്റ്, ഉസ്‌താദ് ഹോട്ടല്‍, സിംഹാസനം തുടങ്ങിയവയാണ് 2000 മുതല്‍ 2012 വരെയുള്ള അദ്ദേഹത്തിന്‍റെ പ്രധാന സിനിമകള്‍.
പുരസ്‌കാര നേട്ടങ്ങള്‍
- 2009ല്‍ സിവിലിയന്‍ ബഹുമതി - പദ്‌മശ്രീ
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍
- 1987 - മികച്ച സഹ നടന്‍ (ഋതുഭേദം)
- 2006 - ജൂറിയുടെ പ്രത്യേക പരാമര്‍ശം (ഏകാന്തം)
- 2012 - ജൂറിയുടെ പ്രത്യേക പരാമര്‍ശം (ഉസ്‌താദ് ഹോട്ടല്‍)
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍
- 1981 - മികച്ച രണ്ടാമത്തെ നടന്‍ (യവനിക)
- 1985 - മികച്ച രണ്ടാമത്തെ നടന്‍ (യാത്ര)
- 1986 - മികച്ച രണ്ടാമത്തെ നടന്‍ (പഞ്ചാഗ്‌നി)
- 1987 - മികച്ച രണ്ടാമത്തെ നടന്‍ (തനിയാവര്‍ത്തനം)
- 1988 - മികച്ച രണ്ടാമത്തെ നടന്‍ (മുക്തി, ധ്വനി)
- 1989 - ജൂറിയുടെ പ്രത്യേക പരാമര്‍ശം (നിരവധി ചിത്രങ്ങള്‍)
- 1990 - മികച്ച നടന്‍ (പെരുന്തച്ചന്‍)
- 1994 - മികച്ച നടന്‍ (ഗമനം, സന്താനഗോപാലം)
- 1999 - മികച്ച രണ്ടാമത്തെ നടന്‍ (കാറ്റത്തൊരു പെണ്‍പൂവ്)
ഫിലിംഫെയര്‍ അവാര്‍ഡ്‌സ് സൗത്ത്
- 2006 - ഫിലിംഫെയര്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ് (സൗത്ത്)
- 2011 - മികച്ച സഹ നടന്‍ (ഇന്ത്യന്‍ റുപ്പീ)
മറ്റ് പുരസ്‌കാരങ്ങള്‍
- 2010 - ഭരത് ഗോപി അവാര്‍ഡ്
- 2007 - കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്
- 2001 - ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ഫോര്‍ ലൈഫ്ടൈം അച്ചീവ്‌മെന്‍റ്
Also Read:Legend Malayalam Actor Madhu Birthday Special: നവതിയുടെ നിറവില്‍ മലയാളത്തിന്‍റെ മഹാനടന്‍ മധു