കേരളം

kerala

ETV Bharat / entertainment

'അത് 15 കോടിയ്ക്കുവേണ്ടി' ; ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക്കിനെ തന്‍റെ ഭർത്താവ് കൊന്നതാണെന്ന് യുവതി - Delhi Police Commissioner

2022 ഓഗസ്‌റ്റിൽ കൗശിക്കും തന്‍റെ ഭർത്താവും തമ്മിൽ സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നു. അന്ന് കൗശിക്കിനെ ഒഴിവാക്കാൻ ആലോചിക്കുന്നതായി ഭർത്താവ് തന്നോട് പറഞ്ഞിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകി

Delhi based businessman  her husband allegedly killed Satish Kaushik  സതീഷ് കൗശിക്  മരണം  കൊലപാതകം  delhi crime  Kaushik was murdered  Delhi Police Commissioner  farmhouse in Delhi
സതീഷ് കൗശിക്

By

Published : Mar 12, 2023, 7:44 AM IST

ന്യൂഡൽഹി:പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക്കിന്‍റെ മരണവുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ നിർണായക വഴിത്തിരിവ്. സതീഷ് കൗശിക്കിനെ 15 കോടി രൂപയ്ക്കുവേണ്ടി തന്‍റെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി മുംബൈയിലെ ഒരു വ്യവസായിയുടെ ഭാര്യ രംഗത്തുവന്നു.

യുവതിയുടെ പരാതിയിങ്ങനെ : ദുബായിൽ ബിസിനസ് ആവശ്യങ്ങൾക്കായി തന്‍റെ ഭർത്താവ് കൗശിക്കിന്‍റെ കയ്യിൽ നിന്നും 15 കോടി രൂപ വാങ്ങിയിരുന്നു. കുറച്ച് നാളുകളായി കൗശിക് ആ പണം തിരികെ നൽകാൻ ആവശ്യപ്പെടുന്നു. എന്നാൽ പണം മടക്കിക്കൊടുക്കാതിരിക്കാന്‍ ഭർ‌ത്താവും സുഹൃത്തുക്കളും ചേർന്ന് കൗശിക്കിനെ ഗുളികകൾ നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നും യുവതി പറയുന്നു. ഡൽഹി പൊലീസ് കമ്മിഷണര്‍ക്ക് മുന്‍പാകെ രേഖാമൂലമാണ് യുവതി ഇക്കാര്യം അറിയിച്ചത്.

2022 ഓഗസ്‌റ്റിൽ കൗശിക്കും തന്‍റെ ഭർത്താവും തമ്മിൽ പണം തിരികെ ചോദിച്ചതിന്‍റെ പേരിൽ തർക്കം ഉണ്ടായിരുന്നു. അന്ന് കൗശിക്കിനെ ഒഴിവാക്കാൻ ആലോചിക്കുന്നതായി ഭർത്താവ് തന്നോട് പറഞ്ഞിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 2019 മാർച്ച് 13 നാണ് പ്രസ്‌തുത വ്യവസായിയുമായി താൻ വിവാഹിതയായതെന്നും, ഭർത്താവ് കൗശിക്കിനെ തനിക്ക് പരിചയപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹത്തെ ഇന്ത്യയിലും ദുബായിലും വച്ച് പതിവായി കാണാറുണ്ടായിരുന്നുവെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.

'2022 ഓഗസ്റ്റ് 23 ന് കൗശിക് ദുബായിലെ ഞങ്ങളുടെ വീട്ടിൽ വന്ന് ഭർത്താവിനോട് 15 കോടി രൂപ ആവശ്യപ്പെട്ടു. കൗശിക്കും ഭർത്താവും തർക്കത്തിൽ ഏർപ്പെട്ട ഡ്രോയിംഗ് റൂമിൽ ഞാനും ഉണ്ടായിരുന്നു. പണത്തിന്‍റെ ആവശ്യകത വളരെ കൂടുതലാണ്, നിക്ഷേപമായി 15 കോടി രൂപ നൽകിയിട്ട് മൂന്ന് വർഷമായി, എന്നാൽ ഒന്നും നടന്നില്ലെന്നും പണം തിരികെ നൽകണമെന്നും കൗശിക് പറഞ്ഞു.

പണം ഉടൻ തിരിച്ച് നൽകാമെന്ന് ഭർത്താവ് കൗശിക്കിന് വാക്കുനൽകി. എന്താണ് കാര്യമെന്ന് ഭർത്താവിനോട് ചോദിച്ചപ്പോൾ കൗശിക്കിന്‍റെ പണം കൊവിഡ് സമയത്ത് നഷ്‌ടമായെന്ന് അദ്ദേഹം പറഞ്ഞു. പണം നൽകാനില്ലാത്തതിനാൽ കൗശിക്കിനെ ഒഴിവാക്കാൻ തുടര്‍ന്ന് ഭർത്താവ് പദ്ധതിയിട്ടെന്നും യുവതി അവകാശപ്പെടുന്നു. ദുബായിലെ ഒരു പാർട്ടിയിൽ വച്ചെടുത്ത, ഭര്‍ത്താവും കൗശിക്കും ഒരുമിച്ചുള്ള ഫോട്ടോ ഡൽഹി പൊലീസിന് യുവതി കൈമാറിയിട്ടുമുണ്ട്. പാർട്ടിയിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ മകന്‍ ഉണ്ടായിരുന്നുവെന്നും യുവതി ആരോപിച്ചു.

മരണത്തിൽ ദുരൂഹത ? : 67 കാരനായ സതീഷ് കൗശിക് വ്യാഴാഴ്‌ച സതീഷിന്‍റെ സുഹൃത്ത് വികാസ് മാലുവിന്‍റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ ഹോളി ആഘോഷങ്ങൾക്കിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ മരണത്തിൽ അസ്വഭാവികത ഉണ്ടായിരുന്നില്ല. ഇത് സാധൂകരിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്തുവന്നിരുന്നു. എന്നാൽ ഇതുവരെ രക്തപരിശോധനയുടെയും ഹൃദയപരിശോധനയുടെയും ഫലം പുറത്ത് വന്നിട്ടില്ല. ഇവ വന്നാൽ മാത്രമേ മരണത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമാവുകയുള്ളൂ. യുവതിയുടെ പരാതിയിൽ സത്യമുണ്ടോ എന്നറിയണമെങ്കിലും പരിശോധനാഫലം പുറത്തുവരേണ്ടതുണ്ട്.

ഫാം ഹൗസിൽ നിന്ന് ഗുളികകൾ:കൗശിക് അവസാനമായി പങ്കെടുത്ത ഹോളി പാർട്ടി നടന്ന ഫാം ഹൗസിൽനിന്ന് ചില മരുന്നുകൾ പൊലീസ് കണ്ടെടുത്തിരുന്നു. ലഭ്യമായ മരുന്ന് എന്തൊക്കെയാണെന്നോ അവയ്ക്ക് കൗശിക്കിന്‍റെ മരണവുമായി ബന്ധമുണ്ടോ എന്നും പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പാർട്ടിയിൽ പങ്കെടുത്ത 25 പേരെയും ഉടനടി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ഫാം ഹൗസ് ഉടമയായ വ്യവസായിക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details