ഒരുകാലത്ത് രാജ്യത്തെയാകെ വിറപ്പിച്ച കൊള്ളക്കാരന്‍റെ കഥയുമായി നെറ്റ്ഫ്ലിക്‌സ്. രാജ്യത്തിനകത്തും പുറത്തും ഏറ്റവും കുപ്രസിദ്ധി നേടിയിട്ടുള്ള കൊള്ളക്കാരൻ വീരപ്പനെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയുമായാണ് നെറ്റ്ഫ്ലിക്‌സ് എത്തിയിരിക്കുന്നത്. 'ദി ഹണ്ട് ഫോർ വീരപ്പൻ' (The Hunt for Veerappan) എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്‍ററി ഈ മാസം നാല് മുതലാണ് സ്‌ട്രീമിങ് ആരംഭിച്ചത്.
സെൽവമണി സെൽവരാജാണ് ഈ ഡോക്യുമെന്‍ററി സംവിധാനം ചെയ്‌തിരിക്കുന്നത്. വീരപ്പനെ പിടികൂടാനായി നടത്തിയ ഓപ്പറേഷൻ കൊക്കൂൺ എന്ന പേരിലുള്ള ദൗത്യവും ഡോക്യുമെന്‍ററി ചർച്ച ചെയ്യുന്നുണ്ട്. രാജ്യത്തിന്‍റെ ചരിത്രത്തിൽ തന്നെ ഒരു കൊള്ളക്കാരനെ പിടികൂടാനായി ഏറ്റവും കൂടുതൽ പണം മുടക്കിയതും വീരപ്പന് വേണ്ടിയാണ്.
1952ൽ കർണാടക കൊല്ലേഗലയിലെ ഗോപിനാഥം എന്ന ഗ്രാമത്തിൽ ഒരു തമിഴ് കുടുംബത്തിൽ ജനിച്ച മുനിസാമി വീരപ്പൻ തന്‍റെ അമ്മാവന്‍റെ പാത പിന്തുടർന്നാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വരുന്നത്. വീരപ്പന്‍റെ അമ്മാവനായ സാൽവൈ ഗൗണ്ടർ വനംവേട്ടക്കാരനും ചന്ദനത്തടി കടത്തുകാരനും ആയിരുന്നു. അങ്ങനെ അമ്മാവന്‍റെ സഹായിയായി വനംകൊള്ളയിലേക്ക് തിരിഞ്ഞ വീരപ്പനും ആദ്യകാലത്ത് ചന്ദനത്തടിയും ആനക്കൊമ്പുമായിരുന്നു പ്രധാനമായും കൊള്ളയടിച്ചത്.
പത്താം വയസിലാണ് തന്‍റെ ജീവിതത്തിലെ ആദ്യ ആനവേട്ട വീരപ്പൻ നടത്തുന്നത്. പത്താം വയസിൽ ഗോപിനാഥത്ത് ഒരു കൊമ്പനാനയെ വെടിവച്ചിട്ട് കൊമ്പെടുത്തതായിരുന്നു ആ സംഭവം. ഒടുക്കം അമ്മാവന്‍റെ സംഘത്തിൽ നിന്ന് മാറി സ്വയം കൊള്ളയടിക്കാൻ ആരംഭിച്ചു. 2000 - 3000 ആനകളെയാണ് പിന്നീടുള്ള കാൽനൂറ്റാണ്ടുകാലം കൊണ്ട് വീരപ്പൻ കൊലപ്പെടുത്തിയതെന്നാണ് അധികൃതർ പറയുന്നത്. 65,000 കിലോ ചന്ദനവും കടത്തിയതായാണ് റിപ്പോർട്ടുകൾ. ഇന്ന് അതിന് ഏതാണ്ട് 150 കോടിയോളം രൂപ വരും.