വിജയ് ആരാധകര്‍ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദളപതി 66-ന്‍റെ ടൈറ്റിലും, ഫസ്‌റ്റ് ലുക്ക് പോസ്റ്ററും പുറത്ത്. വംശി പൈഡിപ്പളളി സംവിധാനം ചെയ്യുന്ന സൂപ്പര്‍താര ചിത്രത്തിന് 'വാരിസ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഫസ്‌റ്റ് ലുക്കില്‍ കോട്ടും സ്യൂട്ടുമണിഞ്ഞ് എക്‌സിക്യുട്ടീവ് ലുക്കിലാണ് വിജയ്‌യെ കാണിക്കുന്നത്.
ദളപതിയുടെ ജന്മദിനത്തിന് മുന്നോടിയായാണ് പുതിയ സിനിമയുടെ ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയത്. ജൂണ്‍ 22നാണ് തമിഴ് സൂപ്പര്‍ താരത്തിന്‍റെ ജന്മദിനം. 'ബോസ് തിരിച്ചെത്തുന്നു' എന്ന ടാഗ്‌ലൈനും അണിയറക്കാര്‍ സിനിമയുടെ പോസ്‌റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2023 പൊങ്കല്‍ റിലീസായാണ് വിജയ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ദളപതി ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി രാഷ്‌മിക മന്ദാനയാണ് നായിക. സംഗീത സംവിധായകന്‍ എസ്. തമന്‍ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നു.
മികച്ച വിനോദ ചിത്രത്തിനുളള 2019-ലെ ദേശീയ പുരസ്‌കാരം നേടിയ തെലുങ്ക് ചിത്രം മഹര്‍ഷിയുടെ സംവിധായകനാണ് വംശി പൈഡിപ്പളളി. 100 കോടിയോളം രൂപയാണ് സിനിമയ്‌ക്ക് വിജയ് വാങ്ങുന്നതെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം വിഷു സമയത്ത് എത്തിയ ബീസ്റ്റ് ആണ് വിജയ്‌യുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
റിലീസിന് മുന്‍പ് വലിയ ഹൈപ്പുണ്ടായിരുന്ന ചിത്രം തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്‌ത സിനിമയില്‍ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തിയത്. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ പാട്ടുകള്‍ തരംഗമായിരുന്നെങ്കിലും സിനിമ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ല എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
വിക്രമിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും വിജയ് ആണ് നായകന്‍. ദളപതി 67 എന്ന് താത്‌കാലികമായി പേരിട്ട സിനിമയുടെ പ്രഖ്യാപനവും മറ്റുവിവരങ്ങളും സൂപ്പര്‍താരത്തിന്‍റെ ജന്മദിനത്തില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.