ചെന്നൈ:റിലീസിനൊരുങ്ങും മുൻപേ വൻ ഹിറ്റായി ദളപതി വിജയുടെ അടുത്ത ചിത്രമായ 'ലിയോ'. ഡിജിറ്റൽ റൈറ്റ്‌സ്, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്‌സ് എന്നിവയില്‍ നിന്ന് ചിത്രം ഇതുവരെ 246 കോടി രൂപ നേടിയതായി റിപ്പോര്‍ട്ട്. സംവിധായകന്‍ ലോകേഷ് കനകരാജും വിജയും വീണ്ടും ഒന്നിക്കുന്ന 'ലിയോ'യുടെ ടൈറ്റില്‍ പ്രോമോ റിലീസ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം കോടികള്‍ വാരിയത്.
ഫെബ്രുവരി മൂന്നിനായിരുന്നു ചിത്രത്തിന്‍റെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്‌സ് 150 കോടിക്കും സാറ്റ്‌ലൈറ്റ് അവകാശം 80 കോടിക്കും മ്യൂസിക് റൈറ്റ്സ് 16 കോടിക്കുമാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. വിജയുടെ 67-ാം ചിത്രമായ ലിയോ 250 കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മിക്കുന്നത്.
ലോകേഷ് കനകരാജും വിജയും ഒന്നിച്ച് 2021ല്‍ പുറത്തിറങ്ങിയ 'മാസ്റ്റര്‍' ബോക്‌സ് ഓഫീസില്‍ നിന്ന് കോടികളാണ് വാരിയത്. ബോളിവുഡ് താരം വില്ലന്‍ വേഷത്തിലെത്തുന്ന തമിഴ് ചിത്രത്തിന് ഹിന്ദി ഡബ്ബിങ് അവകാശത്തിലൂടെയും വന്‍ തുക ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിയ 'വിക്രം' എന്ന ചിത്രത്തിന് ശേഷമാണ് സംവിധായകന്‍ ലോകേഷ് കനകരാജ് ദളപതി വിജയെ നായകനാക്കി 'ലിയോ' ഒരുക്കുന്നത്.
14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അർജുൻ സർജ, മൻസൂർ അലി ഖാൻ, ഗൗതം വാസുദേവ് മേനോൻ, പ്രിയ ആനന്ദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ കുമ്പളങ്ങി നൈറ്റ്‌സ്, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Also Read:'ബ്ലഡി സ്വീറ്റ്' ലിയോ, വിജയ് ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രൊമോ പുറത്ത്