ഒരു ഇടവേളയ്‌ക്ക് ശേഷം താഹ (Thaha) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാജോളിന്‍റെ സിനിമാ പ്രവേശം'. ഐശ്വര്യ പ്രൊഡക്ഷൻസിന്‍റെയും സീലിയ ഫിലിം സെർക്യൂട്ടിന്‍റെയും ബാനറിൽ ബൈജു ഗോപാൽ, അലക്‌സാണ്ടർ, ബിബിൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ പൂജ കഴിഞ്ഞു. എം പി ആരിഫാണ് പൂജ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചത് (Kajolinte Cinema Pravesham pooja ceremony).
നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി. മൂക്കില്ലാ രാജ്യത്ത്, വാരഫലം, ഈ പറക്കും തളിക തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ താഹയുടെ മടങ്ങിവരവ് കൂടിയാണ് 'കാജോളിന്‍റെ സിനിമാ പ്രവേശം' സിനിമയിലൂടെ സാധ്യമാകുന്നത്. 2011ൽ മുകേഷും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'പാച്ചുവും കോവാലനു'മാണ് താഹ സംവിധാനം ചെയ്‌ത അവസാന ചിത്രം.
സജി ദാമോദർ ആണ് 'കാജോളിന്‍റെ സിനിമാ പ്രവേശത്തി'ന്‍റെ രചന നിർവഹിക്കുന്നത്. 'കപ്പൽ മുതലാളി', 'ഹൈലേസ', 'മഹാരാജ ടാക്കീസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സജി ദാമോദർ തിരക്കഥ നിർവഹിക്കുന്ന ചിത്രം കൂടിയാണിത്.
സിനിമ മോഹവുമായി സെല്ലുലോയിഡിന്‍റെ മായിക പ്രപഞ്ചത്തിലേക്ക് കടന്നുവരുവാൻ ശ്രമിക്കുന്ന കാജോൾ എന്ന പെൺകുട്ടിയുടെ കഥയാണ് 'കാജോളിന്‍റെ സിനിമാ പ്രവേശം. അവളുടെ ആദ്യത്തെ സിനിമ ലൊക്കേഷനിൽ, ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ അനുഭവങ്ങളാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. ഹാസ്യത്തിനും ഏറെ പ്രാധാന്യം നൽകിയാണ് 'കാജോളിന്‍റെ സിനിമാ പ്രവേശം ഒരുക്കിയിരിക്കുന്നത്.