ഒരു ആക്ഷേപ ഹാസ്യ ചിത്രമായി ആശിഷ് ചിന്നപ്പ അണിയിച്ചൊരുക്കുന്ന 'ജലധാര പമ്പ് സെറ്റ് സിന്‍സ് 1962' (Jaladhara Pumpset Since 1962) സിനിമയുടെ പുതിയ കാരക്‌ടർ പോസ്റ്റർ പുറത്തുവന്നു. മുതിർന്ന നടൻ ടി ജി രവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് പുറത്ത് വിട്ടത്. ഒരു അഡ്വക്കേറ്റിന്‍റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. രവി എന്ന് തന്നെയാണ് സിനിമയിലെ കഥാപാത്രത്തിന്‍റെയും പേര്.
ഉര്‍വശിയും (Urvashi) ഇന്ദ്രന്‍സും (Indrans) കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് 'ജലധാര പമ്പ് സെറ്റ് സിന്‍സ് 1962'. ചിത്രത്തിന്‍റെ സ്‌നീക്ക് പീക്ക് (Jaladhara Pumpset sneak peek) അടുത്തിടെ പുറത്ത് വന്നിരുന്നു. മികച്ച പ്രതികരണമാണ് വീഡിയോയ്‌ക്ക് ലഭിച്ചത്. ഉര്‍വശിയും ഇന്ദ്രന്‍സും തമ്മിലുള്ള കൗണ്ടര്‍ സംഭാഷണമാണ് 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സ്‌നീക്ക് പീക്കില്‍ ഉണ്ടായിരുന്നത്. കാണികളില്‍ ചിരിപടര്‍ത്തിയാണ് വീഡിയോ അവസാനിക്കുന്നത്.
വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്‍റിന്‍റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, ആര്യ പൃഥ്വിരാജ്, സംഗീത ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ സനുഷ, സാഗർ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്‍റിന്‍റെ ആദ്യ നിര്‍മാണ സംരംഭമാണ് 'ജലധാര പമ്പ് സെറ്റ് സിന്‍സ് 1962'. വിജയരാഘവൻ, ടിജി രവി, ശിവജി ഗുരുവായൂർ, ജോണി ആന്‍റണി, അൽത്താഫ്, ജയൻ ചേർത്തല, കലാഭവൻ ഹനീഫ്, സജിൻ, ഹരിലാൽ പിആർ, വിഷ്‌ണു ഗോവിന്ദ്, ജോഷി മേടയിൽ, കോഴിക്കോട് ജയരാജ്, തങ്കച്ചൻ, പരമേശ്വരൻ പാലക്കാട്, ജെയ്, രാമു മംഗലപ്പള്ളി, ആദിൽ റിയാസ്ഖാൻ, അഞ്ജലി നായർ, നിഷ സാരംഗ്, സുജാത തൃശൂർ, സ്നേഹ ബാബു, നിത ചേർത്തല, ശ്രീരമ്യ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.