ഹൈദരാബാദ് :തേജ സജ്ജ, വരലക്ഷ്‌മി ശരത്കുമാർ, അമൃത അയ്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് വർമ്മ സംവിധാനം ചെയ്‌ത ചിത്രമാണ് 'ഹനുമാൻ'. ജനുവരി 12നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിയത്. ഇപ്പോഴിത സിനിമയ്‌ക്ക് പ്രദർശനം നിഷേധിച്ചുവെന്നാരോപിച്ച് പരാതിയുമായി എത്തിയിരിക്കുകയാണ് നിർമാതാക്കൾ (Teja Sajja starrer HanuMan movie).
ചില തിയേറ്ററുകളിൽ നിന്ന് അന്യായമായ നടപടികൾ നേരിട്ടുവെന്ന് ആരോപിച്ചാണ് നിർമാതാക്കൾ തെലുഗു ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന് (ടിഎഫ്‌പിസി) പരാതി നൽകിയത് ('HanuMan' Makers files complaint with TFPC). ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന 'ഹനുമാൻ' പ്രൈം ഷോ എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമിച്ചത്. തെലങ്കാനയിലെ ചില തിയേറ്ററുകളുമായി മൈത്രി മൂവീസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് എൽഎൽപി (വിതരണക്കാരൻ) കരാർ ഉണ്ടാക്കിയിരുന്നതായി ടിഎഫ്‌പിസി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
എന്നാൽ ചില തിയേറ്ററുകൾ ചിത്രം പ്രദർശിപ്പിക്കാതെ കരാർ ലംഘിച്ചതോടെയാണ് നിർമാതാവായ നിരഞ്ജൻ റെഡ്ഡി ടിഎഫ്‌പിസിക്ക് പരാതി നൽകിയത്. 'ഹനുമാൻ' സിനിമയുടെ പ്രദർശനം ഉടൻ ആരംഭിക്കാനും നിർമാതാക്കൾക്കുണ്ടായ നഷ്‌ടം നികത്താനും ടിഎഫ്‌പിസി പ്രസ്‌താവനയിൽ തിയേറ്റർ ഉടമകളോട് ആവശ്യപ്പെട്ടു. ധാരണയനുസരിച്ച് തിയേറ്ററുകൾ 'ഹനുമാൻ' സിനിമ പ്രദർശിപ്പിക്കാത്തത് വിതരണക്കാർക്കും നിർമാതാക്കൾക്കും കാര്യമായ നഷ്‌ടമുണ്ടാക്കിയെന്നും പ്രസ്‌താവനയിൽ പറയുന്നു.
അതിനാൽ, ഉടൻ തന്നെ ഈ തിയേറ്ററുകൾ ഉടൻ സിനിമ പ്രദർശിപ്പിക്കണമെന്നും ഇതുവരെ ഉണ്ടായ നഷ്‌ടം നികത്തണമെന്നും ടിഎഫ്‌പിസി വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ തെലുഗു സിനിമ വ്യവസായത്തിന്‍റെ നിലനിൽപ്പിനെ അപകടത്തിലാക്കുമെന്നും ടിഎഫ്‌പിസി ചൂണ്ടിക്കാട്ടി. വിശ്വാസത്തിലും ധാർമ്മികതയിലും നീതിയിലും അധിഷ്‌ഠിതമാണ് തെലുഗു സിനിമ വ്യവസായമെന്നും പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ പറഞ്ഞു.
തിയേറ്ററുകളേയും അവരുടെ പ്രവർത്തനങ്ങളെയും ശക്തമായി അപലപിച്ച ടിഎഫ്‌പിസി ഇത്തരം പെരുമാറ്റം ഈ രംഗത്തെ മൊത്തത്തിൽ ബാധിക്കുമെന്നും വ്യക്തമാക്കി. സമ്മതിച്ച വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ച തിയേറ്ററുകൾ അവരുടെ ബാധ്യതകൾ ഉടനടി മാനിക്കണമെന്നും സിനിമയ്‌ക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും തെലുഗു ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ അഭ്യർഥിച്ചു.
ഇതിഹാസ കഥയായ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സംവിധായകൻ പ്രശാന്ത് വർമ്മ ഹനുമാൻ എന്ന ഈ ചിത്രം ഒരുക്കിയത്. ഒരു ഫാന്‍റസി ലോകത്തേക്ക് കാണികളെ കൈപിടിച്ച് കൊണ്ടുപോകുന്ന സിനിമ പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രം കൂടിയാണ്. ഇന്ത്യന്‍ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, സൂപ്പര്‍ ഹീറോകളെ കുറിച്ച് ഒരു സിനിമാറ്റിക് വേള്‍ഡ് നിര്‍മിക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് പ്രശാന്ത് വർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഹനുമാൻ കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്‌ട്രിബ്യൂഷൻ പാർട്‌ണർ.
ALSO READ:തേജ സജ്ജയുടെ 'ഹനുമാൻ' വരുന്നു; കേരളത്തില്‍ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്