സംവിധായകന് കെജി ജോര്‍ജിന്‍റെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം കാക്കനാടുള്ള വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പ്രിയ സംവിധായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ എത്തി (Malayalam Cinema Condolence).
മമ്മൂട്ടി, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, സംവിധായകന്‍ വിനയന്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, തുടങ്ങിയവരാണ് കെജി ജോര്‍ജിന് ഫേസ്ബുക്കിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. 'ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു. ആദരാഞ്ജലികൾ ജോർജ് സാർ' - എന്നാണ് മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത് (Tearful Adieu TO KG George).
മലയാള സിനിമയെ ലോകോത്തരമാക്കിയ സംവിധായക പ്രതിഭയ്ക്ക് ആദരാഞ്ജലി എന്ന് മഞ്ജു വാര്യര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. 'ചില ചലച്ചിത്രകാരന്മാരുടെ പ്രതിഭ പ്രകാശിച്ച് നിന്ന നാളുകളിൽ ജീവിക്കാന്‍ ആയിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോയിട്ടുണ്ട്. അത്തരത്തിലുള്ള ഒരാൾ ആയിരുന്നു എനിക്ക് കെജി ജോർജ് സർ. അദ്ദേഹത്തിന്‍റെ ഒരു കഥാപാത്രത്തെ പോലും അവതരിപ്പിക്കാന്‍ ആയില്ല എന്നത് അഭിനയ ജീവിതത്തിലെ വ്യക്തിപരമായ സങ്കടങ്ങളില്‍ ഒന്നാണ്. മലയാള സിനിമയെ ലോകോത്തരമാക്കിയ സംവിധായക പ്രതിഭയ്ക്ക് ആദരാഞ്ജലി' - മഞ്ജു വാര്യര്‍ കുറിച്ചു.
'കെജി ജോർജ് സർ, കലാ വാണിജ്യ സിനിമകളുടെ അതിരുകൾ മായ്ച്ച ഇതിഹാസം!!! മലയാള സിനിമാവ്യവസായം നിങ്ങളോട് എന്നും കടപ്പെട്ടിരിക്കും' - കുഞ്ചാക്കോ ബോബന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
മലയാള സിനിമയിലെ വ്യവസ്ഥാപിതമായ നായക-നായിക സങ്കൽപ്പത്തെ മാറ്റി എഴുതിയ പ്രതിഭാധനനായ സംവിധായകന്‍ ആയിരുന്നു കെജി ജോര്‍ജ് എന്നാണ് സംവിധായകന്‍ വിനയന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. ചലച്ചിത്ര വിദ്യർഥികൾക്ക് പാഠപുസ്‌തകം ആക്കാവുന്ന സിനിമകളുടെ സ്രഷ്‌ടാവ് കൂടിയാണ് അദ്ദേഹമെന്നും വിനയന്‍ കുറിച്ചു.
'മലയാള സിനിമയ്‌ക്ക് നവഭാവുകത്വം നൽകിയ പ്രതിഭാധനൻ വിടവാങ്ങി.വ്യവസ്‌ഥാപിതമായ നായക - നായിക സങ്കൽപ്പത്തെ മാറ്റി എഴുതുകയും കപട സദാചാരവാദികളെ തുറന്ന് കാട്ടുകയും ചെയ്‌ത വിപ്ലവകാരിയായ സംവിധായകന്‍ ആയിരുന്നു കെജി ജോർജ് സാർ.