രാംചരണ്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഹൈദരാബാദ്:ഓസ്‌കറുമായി ഇന്ത്യന്‍ മണ്ണ് തൊട്ട് ആര്‍ആര്‍ആര്‍ ടീം. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ നേടിയ നാട്ടു നാട്ടുവിന്‍റെ ആരവം രാജ്യത്താകെ മുഴങ്ങി കേള്‍ക്കുന്നതിനിടെയാണ് നാട്ടു നാട്ടുവിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണി, ആര്‍ആര്‍ആര്‍ സംവിധായകന്‍ എസ് എസ് രാജമൗലി, ഭാര്യ രമ എന്നിവര്‍ ഹൈദരാബാദില്‍ എത്തിയത്. ഇന്ന് പുലര്‍ച്ചെ ഷംഷാബാദ് വിമാനത്താവളത്തില്‍ എത്തിയ സംഘത്തെ ആരാധകര്‍ നിറഞ്ഞ ആവേശത്തോടെ സ്വീകരിച്ചു.
ആര്‍ആര്‍ആര്‍ സംഘത്തിനായി വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഓസ്‌കര്‍ വിശേഷം അറിയാന്‍ നിരവധി പത്രപ്രവര്‍ത്തകരും വിമാനത്താവളത്തില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ജയ് ഹിന്ദ് എന്ന് പറഞ്ഞാണ് രാജമൗലി തന്‍റെ സന്തോഷം പങ്കുവച്ചത്. പാപ്പരാസികളുടെ കാമറ കണ്ണുകള്‍ വിമാനത്താവളത്തില്‍ ആര്‍ആര്‍ആര്‍ സംഘത്തെ ഫോക്കസ് ചെയ്‌തു കൊണ്ടിരുന്നു.
ലോസ് ഏഞ്ചല്‍സില്‍ നിന്ന് രാംചരണ്‍ മടങ്ങിയത് ഡല്‍ഹിയിലേക്ക്: ഓസ്‌കര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ലോസ് ഏഞ്ചല്‍സിലേക്ക് പോയ ആര്‍ആര്‍ആര്‍ നായകന്‍ രാംചരണും ഇന്ന് മടങ്ങിയെത്തി. ആര്‍ആര്‍ആര്‍ ടീമിനൊപ്പം ഹൈദരാബാദിലേക്ക് വരാതെ രാംചരണ്‍ ഡല്‍ഹിയിലാണ് വിമാനം ഇറങ്ങിയത്.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രാംചരണിനെ ആരാധകര്‍ ഏറെ സ്‌നേഹത്തോടെ സ്വീകരിച്ചു. കൈകള്‍ കൂപ്പിയും ആരാധകര്‍ക്ക് നേരെ കൈകള്‍ വീശി കാണിച്ചും രാംചരണ്‍ തന്‍റെ സന്തോഷം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയും ഒരു ന്യൂസ് മാഗസിന്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്‌തതിന് ശേഷമാകും ജന്മനാടായ ഹൈദരാബാദിലേക്ക് രാംചരണ്‍ മടങ്ങുക.
ഇന്ന് രാത്രിയോടെ രാംചരണ്‍ ഹൈദരാബാദില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഓസ്‌കര്‍ വേദിയില്‍ ഉണ്ടായിരുന്ന ആര്‍ആര്‍ആറിലെ മറ്റൊരു നായകന്‍ ജൂനിയര്‍ എന്‍ടിആര്‍ നേരത്തെ തന്നെ ഹൈദരാബാദില്‍ എത്തിയിരുന്നു. ചൊവ്വാഴ്‌ച ഹൈദരാബാദില്‍ എത്തിയ നടനെ സ്വീകരിക്കാന്‍ ആരാധകരുടെ വലിയൊരു കൂട്ടം തന്നെ തടിച്ചു കൂടി. അതേസമയം, ദി എലിഫന്‍റ് വിസ്‌പറേഴ്‌സ് എന്ന ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം സംഘത്തിനും ഇന്ന് പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.
ഓസ്‌കര്‍ വേദിയെ ഇളക്കി മറിച്ച് നാട്ടു നാട്ടു:95-ാമത് ഓസ്‌കര്‍ അവാര്‍ഡില്‍ ഇന്ത്യയുടെ അഭിമാനമായ രണ്ട് ചിത്രങ്ങളാണ് ആര്‍ആര്‍ആര്‍, ദി എലിഫന്‍റ് വിസ്‌പറേഴ്‌സ് എന്നിവ. ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മികച്ച ഗാനമായി തെരഞ്ഞെടുക്കപ്പെട്ടു. ചന്ദ്രബോസ് രചനയും എം എം കീരവാണി സംഗീത സംവിധാനവും നിര്‍വഹിച്ച നാട്ടു നാട്ടു പാടിയിരിക്കുന്നത് രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്നാണ്.
ഓസ്‌കര്‍ വേദിയില്‍ ലൈവായി രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും നാട്ടു നാട്ടു ആലപിച്ചു. നിറഞ്ഞ കൈയടിയോടെയായിരുന്നു പാട്ടിനെയും പാട്ടിനെ കുറിച്ചുള്ള പരാമര്‍ശങ്ങളെയും ഓസ്‌കര്‍ വേദിയുടെ സദസ് ഏറ്റെടുത്തത്. അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ സദസില്‍ സന്തോഷം പങ്കുവച്ച ആര്‍ആര്‍ആര്‍ ടീമിന്‍റെയും സംവിധായകന്‍ എസ് എസ് രാജമൗലിയുടെയും വീഡിയോകള്‍ വൈറലായിരുന്നു. ഓസ്‌കര്‍ വേദിയിലെ നാട്ടു നാട്ടുവിന്‍റെ അവതരണത്തിന് മുന്നോടിയായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ചിത്രത്തെ ഗ്ലോബല്‍ സെന്‍സേഷന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതും കാണികളില്‍ ഏറെ ആവേശമാണ് ഉണ്ടാക്കിയത്.