കശ്മീർ :ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിൽ സൂപ്പർ സ്റ്റാർ വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ലിയോ’. വർഷങ്ങൾക്ക് ശേഷം തൃഷ, വിജയ് എന്നിവർ ഒരുമിക്കുന്ന സിനിമ, ബോളിവുഡ് താരം സഞ്ജയ് ദത്ത് തമിഴിൽ അഭിനയിക്കുന്ന സിനിമ, ‘മാസ്റ്റർ’ സിനിമയുടെ വമ്പൻ ഹിറ്റിന് ശേഷം ലോകേഷ് കനക രാജും വിജയും ഒന്നിക്കുന്ന ചിത്രം എന്നിങ്ങനെ ഒരുപാട് പ്രത്യകതകൾ ഇതിനുണ്ട്. കശ്‌മീരിൽ ഷൂട്ടിങ്ങ് പുരോഗമിക്കുന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള നിരവധി ചിത്രങ്ങളാണ് ഈയിടെയായി പുറത്തുവന്നത്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങൾ സിനിമയുടെ ലൊക്കേഷൻ വാർത്തകളെ കുറിച്ച് അറിയാൻ പ്രേക്ഷകരിൽ ഒരുപാട് ആകാംക്ഷ ചെലുത്തിയിരുന്നു. കശ്‌മീരിലെ -12 ഡിഗ്രി തണുപ്പിൽ 500 പേരടങ്ങുന്ന ലിയോയുടെ ഷൂട്ടിങ് സംഘത്തെയും അവർ ഷൂട്ടിങ്ങിന് എടുക്കുന്ന പ്രയത്‌നങ്ങളെയും അനുഭവിക്കുന്ന കഷ്‌ടപ്പാടുകളെയും പറ്റി തമിഴ് ഡയറക്‌ടര്‍ മിഷ്‌ക്കിനും ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.
വിജയ് സിനിമയുടെ ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചൊവ്വാഴ്‌ച്ച അഫ്‌ഗാനിസ്ഥാനിൽ ആരംഭിച്ച ഭൂമികുലുക്കത്തിൻ്റെ തുടർചലനങ്ങൾ ഉത്തരേന്ത്യയെ മൊത്തം ഇന്നലെ ബാധിച്ചിരുന്നു. ഇതിൽ 'ലിയോ' സിനിമയുടെ ഷൂട്ടിങ് നടക്കുന്ന കശ്‌മീർ മേഖലയെ ബാധിച്ച ഭൂചലനത്തെ പറ്റി പറയുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.
also read:വരുൺ ധവാനും, ജാൻവി കപൂറും: ‘ബവാൽ’ റിലീസ് ഒക്ടോബറിലേക്ക്
ഭൂചലനത്തെ പറ്റി സെവൻ സ്‌ക്രീൻ സ്റ്റുഡിയോ : ‘ലിയോ’ സിനിമയുടെ നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസാണ് ഭൂചലനത്തെ പറ്റി ഇന്നലെ തങ്ങളുടെ ഔദ്യാഗിക ട്വിറ്റർ ഹാൻഡിലൂടെ പുറം ലോകത്തെ അറിയിച്ചത്. തങ്ങൾക്ക് പരിക്കുകളോ മറ്റ് പ്രശ്‌നങ്ങളോ പറ്റിയിട്ടില്ലെന്നും, തങ്ങൾ ഇപ്പോഴും സുരക്ഷിതരായി ഇരിക്കുകയാണെന്നും നിർമ്മാതാക്കൾ തങ്ങളുടെ ട്വീറ്റിലൂടെ വ്യക്തമാക്കി. രസകരമായ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു സെവൻ സ്‌ക്രീൻ സ്റ്റുഡിയോ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ അവരുടെ ഭൂചലന അനുഭവം പങ്കുവച്ചത്. മണിച്ചിത്രത്താഴിൻ്റെ തമിഴ് പതിപ്പ് ചന്ദ്രമുഖിയിൽ വടിവേലുവിൻ്റെ കഥാപാത്രത്തിൻ്റെ ഒരു രസകരമായ രംഗത്തിൻ്റെ വീഡിയോ പങ്കിട്ടുകൊണ്ടാണ് ലിയോ ടീം തങ്ങളുടെ അനുഭവം പങ്കുവച്ചത്.
also read:'ലിയോ' കശ്‌മീരിൽ പുരോഗമിക്കുന്നു; അനുഭവം പങ്കുവച്ച് ഡയറക്‌ടർ മിഷ്‌കിൻ
also read:പ്രഭാസിനൊപ്പം പൃഥ്വിരാജും യാഷും ; ആഗോള റിലീസിന് തയ്യാറെടുത്ത് 'സലാർ'
വടിവേലു ഒരു വീടിനകത്ത് നിൽക്കുന്നതും അദ്ദേഹത്തിന് ചുറ്റുമുള്ള വീട്ട് ഉപകരണങ്ങളെല്ലാം ഭൂമികുലുക്കത്തെ തുടർന്ന് താഴെ വീഴുന്നതുമാണ് സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് പങ്കുവച്ച വീഡിയോയിൽ കാണാനാകുന്നത്. ലിയോ ടീം അവരുടെ കശ്‌മീരിലെ ലൊക്കേഷനിൽ ഭൂചലനത്തെ അഭിമുഖീകരിച്ചു എന്നാണ് വീഡിയോ വ്യക്തമാക്കുന്നതെന്ന് ആരാധകർ പറയുന്നു. വിജയ്‌യെ കൂടാതെ തൃഷ, സഞ്‍ജയ് ദത്ത്, ഗൗതം വാസുദേവ് മേനോൻ, മിഷ്‍കിൻ, അര്‍ജുൻ, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.