ചെന്നൈ :സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പറ്റം സിനിമകൾ എടുത്ത് പ്രശസ്‌തി പിടിച്ചുപറ്റിയ തമിഴ് സിനിമ സംവിധായകനാണ് വെട്രിമാരൻ. തൻ്റെ സിനമകളിലൂടെ തന്നെ തൻ്റെ രാഷ്‌ട്രീയം വ്യക്തമാക്കുന്ന വെട്രിമാരൻ സിനിമകൾ എന്നും സമൂഹിക അനീതികളെ പച്ചയ്ക്ക് വലിച്ചുകീറികൊണ്ടുള്ളതായിരുന്നു. അതുകൊണ്ടുതന്നെ വെട്രിമാരൻ്റെ സംവിധാനത്തിൽ വരുന്ന സിനിമകൾക്ക് ആരാധകരെ പോലെ തന്നെ ശത്രുക്കളും ഉണ്ടായിരുന്നു. എന്നിരുന്നാലും ന്യൂനപക്ഷ സമൂഹത്തിനും, ദളിതർക്കും, അടിച്ചമർത്തപ്പെടുന്ന മറ്റെല്ലാ ജനവിഭാഗങ്ങൾക്കും വേണ്ടി സാമൂഹിക അസമത്വങ്ങളും, വംശീയതയുമെല്ലാം വിഷയമാക്കി കൊണ്ട് വെട്രിമാരൻ സംവിധാനം ചെയ്‌ത സിനിമകൾ പൊതുജനം ഏറ്റെടുക്കുകയായിരുന്നു.
ഞങ്ങളുടെ കുട്ടികൾ എന്ത് കാണണം എന്ന് ഞങ്ങൾ തീരുമാനിക്കും :വിഖ്യാത സംവിധായകൻ വെട്രിമാരൻ്റെ ഏറ്റവും പുതിയ സിനിമയാണ് 'വിടുതലൈ'. സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിൽ വയലൻസ് രംഗങ്ങൾ ഒരുപാടുള്ളതിനാൽ സിനിമയ്ക്ക് ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് A സർട്ടിഫിക്കറ്റാണ് നൽകിയത്. തുടർന്ന് 'വിടുതലൈ' കാണാൻ കുട്ടികളുമായി തമിഴ്‌നാട്ടിലെ തിയേറ്ററിൽ എത്തിയ സാമൂഹിക പ്രവർത്തക വളർമതിയെ തടയാൻ ശ്രമിക്കുകയായിരുന്നു പൊലീസും തിയേറ്റർ മാനേജ്‌മെൻ്റും. എന്നാൽ 'ഞങ്ങളുടെ കുട്ടികൾ എന്ത് കാണണം എന്ന് ഞങ്ങൾ തീരുമാനിക്കും അത് തീരുമാനിക്കാനുള്ള അവകാശം നിങ്ങൾക്കില്ല' എന്നായിരുന്നു വളർമതിയുടെ വാദം.
സിനിമയുടെ പ്രദർശനം ഇടയ്ക്ക് വച്ച് നിർത്തി പൊലീസും തിയേറ്റർ സ്റ്റാഫും: സിനിമയുടെ പ്രദർശനം ഇടയ്ക്കുവച്ച് നിർത്തി തിയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരുന്ന കാണികളെ ശല്യപ്പെടുത്തിക്കൊണ്ടായിരുന്നു പൊലീസും തിയേറ്റർ സ്റ്റാഫും കടന്നുവന്നത്. എന്നാൽ മുൻപ് രോഹിണി തിയേറ്ററിൽ പ്രശ്നമുണ്ടായപ്പോൾ തൊട്ടാണ് നിങ്ങൾ ഇങ്ങനെ പെരുമാറാൻ തുടങ്ങിയതെന്നും ഞാൻ ഇതിന് അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ട് പൊലീസിനെതിരെ തിരിയുകയായിരുന്നു വളർമതി. ‘അൽപ്പവസ്ത്രധാരികളായ സ്ത്രീകൾ ഐറ്റം ഡാൻസ് ചെയ്യുന്നത് കുട്ടികൾ കാണുന്നതിൽ നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല ഇതുപോലെ പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്ന ഒരു സിനിമ കുടുംബത്തോടെ കാണുന്നതിലാണ് നിങ്ങൾക്ക് പ്രശ്‌നം’ - വളർമതി ചോദിച്ചു.