കേരളം

kerala

ETV Bharat / entertainment

സംസ്ഥാന സര്‍ക്കാരിന്‍റെ ടെലിവിഷന്‍ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ശ്യാമപ്രസാദിന്

മലയാള ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ശ്യാമപ്രസാദിന് ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് നല്‍കുന്നത്

syamaprasad  syamaprasad cinema  syamaprasad television  life time achievement award  kerala government  latest news in trivandrum  latest news today  television life time achievement  ടെലിവിഷന്‍ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്  ശ്യാമപ്രസാദ്  ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍  ശ്യാമപ്രസാദ് സിനിമകള്‍  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന്‍റെ ടെലിവിഷന്‍ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ശ്യാമപ്രസാദിന്

By

Published : Mar 10, 2023, 9:32 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സംവിധായകന്‍ ശ്യാമപ്രസാദിന്. മലയാള ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ശ്യാമപ്രസാദിന് അവാര്‍ഡ് നല്‍കുന്നത്. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

പ്രഥമ ടെലിവിഷന്‍ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ജേതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ശശികുമാര്‍ ചെയര്‍മാനും, എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ബൈജു ചന്ദ്രന്‍, ദൃശ്യമാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ആര്‍. പാര്‍വതീദേവി തുടങ്ങിയ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 2021ലെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാള ടെലിവിഷന് സൗന്ദര്യശാസ്‌ത്രപരമായ അടിത്തറ പാകിയ പ്രതിഭയാണ് ശ്യാമപ്രസാദ് എന്ന് ജൂറി അഭിപ്രായപ്പെട്ടു.

ടെലിവിഷന്‍ രംഗത്ത് മികച്ച കയ്യൊപ്പ് ചാര്‍ത്തി: 1984 മുതല്‍ 1994 വരെയുള്ള പത്തു വര്‍ഷക്കാലയളവില്‍ ടെലിവിഷന്‍ മാധ്യമത്തിന്‍റെ സകലമാന ദൃശ്യസാധ്യതകളെയും സൗന്ദര്യാത്മകമായി ഉപയോഗിച്ചുകൊണ്ട് അദ്ദേഹം ദൂരദര്‍ശനുവേണ്ടി മികച്ച പരിപാടികള്‍ ഒരുക്കി. ടെലിവിഷന്‍ മാധ്യമത്തിന് നവഭാവുകത്വം പകര്‍ന്ന ശ്യാമപ്രസാദ് പില്‍ക്കാലത്ത് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്‍റെ നേതൃത്വത്തിലിരുന്നുകൊണ്ട് ക്വാളിറ്റി ടെലിവിഷന്‍ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാന്‍ പ്രയത്നിക്കുകയും ഈ മാധ്യമരംഗത്തിന് മൂല്യവത്തായ സംഭാവനകള്‍ നല്‍കുകയും ചെയ്‌തുവെന്ന് ജൂറി വിലയിരുത്തി.

ജീവചരിത്രം: 1960 നവംബര്‍ ഏഴിന് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഒ രാജഗോപാലിന്‍റെയും ഡോ. ശാന്തകുമാരിയുടെയും മകനായി പാലക്കാട് ജനിച്ച ശ്യാമപ്രസാദ് സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനുശേഷം ഇംഗ്ലണ്ടിലെ ഹള്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് മീഡിയ പ്രൊഡക്ഷനില്‍ മാസ്‌റ്റര്‍ ബിരുദം നേടി. ബി.ബി.സിയിലും ചാനല്‍ ഫോറിലും ഇന്‍റേണ്‍ ആയി പ്രവര്‍ത്തിച്ചതിനുശേഷം 1994ല്‍ ദൂരദര്‍ശനില്‍ അസിസ്‌റ്റന്‍റ് പ്രൊഡ്യൂസര്‍ ആയി ജോലിക്കു ചേര്‍ന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പ് (ആല്‍ബേര്‍ കമ്യൂ), നിലാവറിയുന്നു, (സാറാജോസഫ്), പെരുവഴിയിലെ കരിയിലകള്‍ (എന്‍. മോഹനന്‍), വിശ്വവിഖ്യാതമായ മൂക്ക് (ബഷീര്‍), മരണം ദുര്‍ബലം (കെ.സുരേന്ദ്രന്‍), ശമനതാളം (കെ.രാധാകൃഷ്‌ണന്‍) തുടങ്ങി, സാഹിത്യരചനകളെ ആസ്‌പദമാക്കി മികച്ച ടെലിഫിലിമുകളും സീരിയലുകളും ഒരുക്കിയ ശ്യാമപ്രസാദിന് 1993, 1994, 1996 വര്‍ഷങ്ങളില്‍ മികച്ച ടെലിവിഷന്‍ സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കല്ലുകൊണ്ടൊരു പെണ്ണ്, അഗ്നിസാക്ഷി, അകലെ, ഒരേ കടല്‍, ഋതു, ഇലക്‌ട്ര, അരികെ, ഇംഗ്ലീഷ്, ഇവിടെ, ഹേയ്‌ ജ്യൂഡ്, ഒരു ഞായറാഴ്‌ച തുടങ്ങിയ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. ശ്യാമപ്രസാദ് സംവിധാനം ചെയ്‌ത അഗ്നിസാക്ഷി, അകലെ, ഒരേ കടല്‍ എന്നീ ചിത്രങ്ങള്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡുകള്‍ നേടി. അഞ്ചു തവണ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. ആകെ 30ല്‍ പരം പുരസ്‌കാരങ്ങള്‍ ശ്യാമപ്രസാദ് സ്വന്തമാക്കിയിട്ടുണ്ട്.

also read:Oscars 2023 | ഓസ്‌കര്‍ പ്രഖ്യാപനം എന്ന്, ഇന്ത്യന്‍ സമയം എപ്പോള്‍..?; അറിയാം വിശദാംശങ്ങള്‍

ABOUT THE AUTHOR

...view details