ബോളിവുഡ് താരം ഷാരൂഖ് ഖാനുമായുള്ള ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷാരൂഖ് ഖാനെ നായകനാക്കി ശ്യാം പുഷ്‌കരന്‍റെ തിരക്കഥയില്‍ ഒരു ഹിന്ദി ചിത്രം വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രം ഓണ്‍ ആണെന്നാണ് ശ്യാം പുഷ്‌കരന്‍ പറയുന്നത്.
ഷാരൂഖുമായുള്ള സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും തിരക്കഥ പൂര്‍ത്തിയായാല്‍ നടനോട് കഥ പറയുമെന്നും ശ്യാം പുഷ്‌കരന്‍ വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തിരക്കഥാകൃത്തിന്‍റെ വെളിപ്പെടുത്തല്‍.
'ആ സിനിമ ഇപ്പോഴും ഓണ്‍ ആണ്. ഷാരൂഖ് ഖാനെ പോലെ ഒരു വലിയ താരത്തെ വച്ച് സിനിമ ചെയ്യണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം അതിനായി മാറ്റിവയ്‌ക്കണം. അതിന്‍റെ തിരക്കഥ പൂര്‍ത്തിയായാല്‍ അദ്ദേഹത്തെ ഒന്നുകൂടി കാണണം. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ് അദ്ദേഹം'-ശ്യാം പുഷ്‌കരന്‍ പറഞ്ഞു.
അതേസമയം സിനിമയുടെ സംവിധാനവും ശ്യാം പുഷ്‌കരന്‍ തന്നെയാകും എന്നാണ് സൂചന. ശ്യാം പുഷ്‌കരന്‍ സംവിധാനത്തിലേക്ക് ഉണ്ടാകുമോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് തിരക്കഥാകൃത്ത് ഇതുസംബന്ധിച്ച സൂചന നല്‍കുന്നത്.
'ഒട്ടും വൈകാതെ തന്നെ പ്രതീക്ഷിക്കാം. അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ ആയാണ് ഞാന്‍ തുടങ്ങുന്നത്. സംവിധായകന്‍ ആകണം എന്ന ആഗ്രഹവുമായാണ് സിനിമയിലേക്ക് വരുന്നത്. പിന്നെ ഞാന്‍ തന്നെ എഴുതണമല്ലോ എന്ന മടി കാരണമാണ് അത് നീണ്ട് പോകുന്നതും. ചില ഐഡിയകള്‍ ആലോചിച്ച് കൊണ്ടിരിക്കുകയാണ്'-ശ്യാം പുഷ്‌കരന്‍ പറഞ്ഞു.
ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതിയ ഏറ്റവും പുതിയ ചിത്രമാണ് സഹീദ് അരാഫത്ത് സംവിധാനം ചെയ്‌തിരിക്കുന്ന 'തങ്കം'. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'തങ്കം' ഈ വാരമാണ് തിയേറ്ററുകളില്‍ എത്തുന്നത്.
Also Read:'ആരാണ് ഷാരൂഖ് ഖാന്‍?'; അസം മുഖ്യമന്ത്രിയെ പുലര്‍ച്ചെ 2 മണിക്ക് വിളിച്ച് കിങ് ഖാന്‍