ഹൈദരാബാദ്: എന്നും ഒരു നോവായി ആരാധക ഹൃദയങ്ങളില്‍ ജീവിക്കുന്ന നടനാണ് അന്തരിച്ച സുശാന്ത് സിംഗ് രജ്‌പുത്. നിനച്ചിരിക്കാതെയുള്ള അദ്ദേഹത്തിന്‍റെ വിടവാങ്ങല്‍ അവർക്ക് ഉൾക്കൊള്ളാൻ ഇനിയുമായിട്ടില്ല എന്നുവേണം പറയാൻ. മരണമടഞ്ഞ് മൂന്നാണ്ടുകൾ പിന്നിടുന്ന വേളയില്‍ സോഷ്യല്‍ മീഡിയയിലുൾപ്പടെ നടനെ ഓർമിച്ചുകൊണ്ടുള്ള പോസ്റ്റുകളും കുറിപ്പുകളും നിറയുകയാണ്.
അതില്‍ സുശാന്ത് സിംഗ് രജ്‌പുതിന്‍റെ സഹോദരി ശ്വേത സിംഗ് കീർത്തി നടനെ അനുസ്‌മരിച്ച് പോസ്റ്റ് ചെയ്‌ത കുറിപ്പുമുണ്ട്. ഓരോ നിമിഷവും നിന്നെ മിസ് ചെയ്യുന്നുവെന്നാണ് ശ്വേതയുടെ ഹൃദയം കവരുന്ന പോസ്റ്റില്‍ പറയുന്നത്. ''ഓരോ നിമിഷവും ഞാൻ നിന്നെ മിസ് ചെയ്യുന്നു. പക്ഷേ എനിക്കറിയാം നിങ്ങൾ ഇപ്പോൾ എന്‍റെ ഭാഗം തന്നെയാണെന്ന്...എന്‍റെ ശ്വാസം പോലെ നിങ്ങൾ എന്നില്‍ ഒരു അവിഭാജ്യമായിത്തീർന്നിരിക്കുന്നു''- ശ്വേത സിംഗ് കീർത്തി കുറിച്ചു.
സുശാന്ത് മുൻപ് തന്നോട് വായിക്കാൻ ആവശ്യപ്പെട്ടിരുന്ന ഏതാനും പുസ്‌തകങ്ങളും സുശാന്തിന്‍റെ ഫോട്ടോയ്‌ക്കൊപ്പം അവർ പങ്കിട്ടു. നമുക്ക് അവനായി ജീവിക്കാമെന്നും ശ്വേത ട്വീറ്റ് ചെയ്‌തു. നിരവധി പേരാണ് ശ്വേതയുടെ ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയത്.
“ഇത് മനോഹരമാണ്. അതെ, അവനെ നമുക്ക് ജീവനോടെ നിലനിർത്തേണ്ടതുണ്ട്. അവൻ എവിടെയും പോയിട്ടില്ല, അവൻ എപ്പോഴും നമ്മുടെ ഹൃദയത്തിലും ആത്മാവിലും ജീവിക്കും.
വളരെ പോസിറ്റീവായിരിക്കുകയും ആരോടും മോശമായി ഒന്നും പറയുകയോ ചിന്തിക്കുകയോ ചെയ്യാത്ത ഒരു വ്യക്തിയുമായിരിക്കുക എന്നതുമാണ് അവനിലെ ഏറ്റവും നല്ല ഗുണം. ഇത് തന്നെയാണ് അദ്ദേഹം ഇന്നും ഇവിടെ ഉള്ളതിന്‍റെ കാരണം. ഇന്ന് ദശലക്ഷക്കണക്കിന് ആളുകൾ അവനുവേണ്ടി പോരാടുന്നു''- ഒരു ആരാധകൻ എഴുതി.
സുശാന്തിന് നീതി ലഭിക്കണമെന്ന ഹാഷ്‌ടാഗും ആരാധകർ പങ്കുവെക്കുന്നുണ്ട്. "വളരെ വൈകാരികവും മനോഹരവുമായ സന്ദേശം പങ്കിട്ടു'' എന്നാണ് മറ്റൊരു ആരാധകൻ എഴുതിയത്. "ഇതിഹാസങ്ങൾ ഒരിക്കലും മരിക്കില്ല എന്നും 14 ജൂൺ കറുത്ത ദിനമാണെന്നും മറ്റ് പലരും എഴുതി.
2020 ജൂൺ 14 ന് ആണ് സുശാന്ത് ഈ ലോകത്തോട് വിട പറഞ്ഞത്. ബാന്ദ്രയിലെ തന്‍റെ ഫ്ലാറ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബോളിവുഡിൽ പ്രശസ്‌തിയുടെ പടവുകൾ കയറിത്തുടങ്ങുന്ന സമയത്താണ് നടുക്കമായി സുശാന്തിന്‍റെ വിടവാങ്ങൽ വാർത്ത പുറത്തുവന്നത്.
എന്നും ചിരിച്ചുമാത്രം കണ്ടിരുന്ന താരത്തിന്‍റെ കണ്ണില്‍ ഒളിപ്പിച്ചു വച്ച വിഷാദത്തിന്റെ ആഴങ്ങൾ കാണാൻ ആർക്കുമായില്ല. സുശാന്തിന്‍റെ ബോളിവുഡിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഖാൻമാരും കപൂർമാരൂം അടക്കിവാണിരുന്ന ബോളിവുഡ് ലോകത്തേക്ക് ഒരു ഗോഡ്ഫാദറിന്‍റെയും പിന്തുണയില്ലാതെ കടന്നുവന്ന ബിഹാറിലെ പട്നയിൽ നിന്നുള്ള യുവാവിന്‍റെ കഥ അല്‍ഭുതത്തോടെയല്ലാതെ കേട്ടിരിക്കാൻ ആവില്ല.
ടെക്നിക്കൽ ഉദ്യോഗസ്ഥനായ കൃഷ്‌ണ കുമാർ സിങിന്‍റെയും ഉഷയുടെയും അഞ്ച് മക്കളിൽ ഏറ്റവും ഇളയ ആൾ ആയിരുന്നു സുശാന്ത്. പഠനത്തിൽ സമർഥനായിരുന്ന സുശാന്തിന് ബഹിരാകാശ ശാസ്‌ത്രജ്ഞനാകാൻ താത്പര്യം ഉണ്ടായിരുന്നെങ്കിലും കുടുംബത്തിന്‍റെ നിർബന്ധത്തിന് വഴങ്ങി എഞ്ചിനിയറിങിന് ചേർന്നു. ഷാരൂഖ് ഖാന്‍റെ കടുത്ത ആരാധകനായിരുന്ന അവൻ എന്നാല്‍ മനസില്‍ സൂക്ഷിച്ച സിനിമയെന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇറങ്ങി.
ഒടുവില്‍ മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കും അവനെത്തി, സ്വപ്രയത്നത്താല്‍. നിരൂപക പ്രശംസ പിടിച്ചു പറ്റിയ 'കയ് പോ ചെ' എന്ന ചിത്രത്തിലൂടെ 2013 ലാണ് ബോളിവുഡില്‍ സുശാന്ത് അരങ്ങേറ്റം നടത്തുന്നത്. പിന്നീട് പികെ, രാബ്‌ത , കേദാർനാഥ്, ധോണി, ദില്‍ ബേച്ചര, ചിച്ചോർ, ഡ്രൈവ്, ശുദ്ധ് ദേസി റൊമാൻസ് ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം.
എന്നാല്‍ 2020 ജൂൺ 14 ന് ഏവരെയും ഞെട്ടിച്ച് സുശാന്തിന്‍റെ മരണ വാർത്തയെത്തി. ഫ്ലാറ്റിലെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. പിന്നാലെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.
താരത്തിന് നീതി തേടി ആഗോള തലത്തിൽ വരെ ക്യാമ്പെയ്‌നുകളും നടന്നു. താരത്തിന്‍റെ മരണത്തിന് പിന്നാലെ പ്രണയിനിയും ലിവ് ഇൻ പാർട്ണറുമായിരുന്ന നടി റിയാ ചക്രബർത്തിയും വാർത്തകളിൽ നിറഞ്ഞു.
ബോളിവുഡിനെ തന്നെ പിടിച്ചുലച്ച സംഭവങ്ങൾക്കും ഇതോടെ തുടക്കമായി. ലഹരിയിലും നെപ്പോട്ടിസത്തിലും മുങ്ങിയ ബോളിവുഡിന്‍റെ മറ്റൊരു മുഖവും ഇതിലൂടെ വലിച്ചുകീറപ്പെട്ടു. വിട വാങ്ങി മൂന്ന് വർഷങ്ങൾക്കിപ്പുറവും കണ്ണീർ നോവ് ബാക്കിയാക്കി ആരാധകരില്‍ ജീവിക്കുകയാണ് സുശാന്ത് സിംഗ് രജ്‌പുത്.