ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുതിന്‍റെ രണ്ടാം ചരമ വാർഷികമാണിന്ന്. സുശാന്തിന്‍റെ ഓർമ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ ഹൃദയസ്‌പർശിയായ കുറിപ്പ് എഴുതിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ സഹോദരി ശ്വേത സിങ് കീർത്തി.
"സഹോദരാ, നിങ്ങൾ ഇവിടം വിട്ടുപോയിട്ട് രണ്ട് വർഷമായി. എന്നാൽ നിലകൊണ്ട മൂല്യങ്ങൾ കാരണം നിങ്ങൾ അനശ്വരനാണ്. ദയ, അനുകമ്പ, സ്‌നേഹം എന്നിവ നിങ്ങളുടെ ഗുണങ്ങളായിരുന്നു. മറ്റുള്ളവർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചു. നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ആദർശങ്ങൾ ഞങ്ങൾ മാതൃകയാക്കുന്നത് തുടരും. നിങ്ങൾ ലോകത്തെ മികച്ചതാക്കി മാറ്റി. നിങ്ങളുടെ അഭാവത്തിലും അത് തുടർന്നുകൊണ്ടേയിരിക്കും", ശ്വേത സിങ് ഇൻസ്റ്റഗ്രാമിൽ എഴുതി.
ഒരു ആരാധകന്‍റെ കൈപിടിച്ച് നിൽക്കുന്ന സുശാന്തിന്‍റെ ചിത്രവും സഹോദരി ശ്വേത പങ്കിട്ടു. 2020 ജൂൺ 14നാണ് ഇന്ത്യൻ സിനിമ ലോകത്തെ കണ്ണീരിലാഴ്‌ത്തി സുശാന്ത് സിങ് രജ്‌പുത് എന്ന നടൻ ആത്മഹത്യ ചെയ്‌തത്. മുംബൈയിലെ ബാന്ദ്രയിലെ വസതിയിൽ താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിക്കുമ്പോൾ വെറും 34 വയസായിരുന്നു നടന്‍റെ പ്രായം.