തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കങ്കുവ'. ആരാധകരും സിനിമാസ്വാദകരും ഒരുപോലെ കാത്തിരിക്കുന്ന ഈ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ആരാധകർക്ക് പൊങ്കൽ ആശംസകൾ നേർന്നുകൊണ്ട് നടൻ സൂര്യ തന്നെയാണ് പോസ്റ്റർ പങ്കുവച്ചത് (Suriya Starrer Kanguva second look poster out).
തീപാറും ലുക്കിലാണ് സൂര്യ പോസ്റ്ററിൽ. 'കങ്കുവ' ലുക്കിന് പുറമെയുള്ള താരത്തിന്‍റെ ഗെറ്റപ്പ് ചെയ്‌ഞ്ച് പ്രേക്ഷകരിൽ ആകാംക്ഷയും അതിലേറെ ആവേശവും നിറയ്‌ക്കുകയാണ്. സിരുത്തൈ ശിവയാണ് 'കങ്കുവ'യുടെ സംവിധായകൻ.
38 ഭാഷകളിൽ ആഗോള റിലീസുമായി ചരിത്രം സൃഷ്‌ടിക്കാനുള്ള ഒരുക്കത്തിലാണ് 'കങ്കുവ'. 3ഡി, ഐമാക്‌സ് ഫോർമാറ്റുകളിൽ സിനിമ പ്രേക്ഷകരിലേക്കെത്തും. വിഎഫ്‌ക്‌സ്, സിജിഐ (VFX, CGI) എന്നിവയ്‌ക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് 'കങ്കുവ' അണിയിച്ചൊരുക്കുന്നത്.
തമിഴ് ചലച്ചിത്ര രംഗം ഇതുവരെ മറികടക്കാത്ത നിരവധി അതിർത്തികൾ ഭേദിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സിനിമയുടെ നിർമാതാക്കളിൽ ഒരാളായ കെ ഇ ജ്ഞാനവേൽ രാജ നേരത്തെ വ്യക്തമാക്കിയിരുന്നു. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി പ്രമോദും സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേർന്നാണ് ഏതാണ്ട് 350 കോടി ബജറ്റിലുള്ള ഈ ചിത്രം നിർമിക്കുന്നത്.
സിനിമയുടെ വിപണനവും വിതരണവും പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക, അതുവഴി സമാനതകളില്ലാത്ത ബോക്‌സോഫിസ് വിജയത്തിലേക്ക് നയിക്കുക, തമിഴ് സിനിമയ്‌ക്ക് വിശാലമായ അന്താരാഷ്‌ട്ര പ്രവേശനം ഒരുക്കുക എന്നിവയാണ് തന്‍റെ ലക്ഷ്യമെന്ന് കെ ഇ ജ്ഞാനവേൽ രാജ പറയുന്നു. അതേസമയം കങ്കുവയുടെ ചിത്രീകരണം പൂര്‍ത്തിയായതായി സൂര്യ നേരത്തേ വെളിപ്പെടുത്തിയിരുന്നു.