സുരേഷ് ഗോപിയും (Suresh Gopi) ബിജു മേനോനും (Biju Menon) ഒന്നിക്കുന്ന ത്രില്ലർ ചിത്രമാണ് 'ഗരുഡൻ' (Garudan). പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നവംബർ 3ന് തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ് (Garudan hits the theaters on November 3). നീതിക്കായുള്ള പോരാട്ട കഥ പറയുന്ന ചിത്രം നവാഗതനായ അരുൺ വർമ്മയാണ് സംവിധാനം ചെയ്‌തിരിക്കുന്നത്.
11 വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നത് എന്നതും 'ഗരുഡൻ' സിനിമയെ ശ്രദ്ധേയമാക്കുന്നു. 'കളിയാട്ടം, പത്രം, എഫ്‌ഐആർ, ക്രിസ്‌ത്യൻ ബ്രദേഴ്‌സ്, ട്വന്‍റി - 20' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്കായി കൈകോർത്ത സുരേഷ് ഗോപിയും ബിജു മേനോനും 2010 ൽ പുറത്തിറങ്ങിയ 'രാമരാവണൻ' എന്ന സിനിമയിലാണ് അവസാനമായി ഒന്നിച്ചഭിനയിച്ചത്.
മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് 'ഗരുഡന്‍റെ' നിർമാണം. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. അഞ്ചാം പാതിരയ്‌ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയ ചിത്രമാണിത്. കൂടാതെ സുരേഷ് ഗോപിയും ബിജു മേനോനും മിഥുൻ മാനുവൽ തോമസും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒന്നിക്കുകയാണ് 'ഗരുഡനി'ലൂടെ.
ലീഗൽ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ അഭിരാമിയാണ് നായിക. സിദ്ധിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ ഉണ്ട്. ജിനീഷ് എം ആണ് 'ഗരുഡ'ന്‍റെ കഥ രചിച്ചിരിക്കുന്നത്.