മലയാള സിനിമയിലെ ആക്ഷൻ കിങ് സുരേഷ് ഗോപി (Suresh Gopi) നായകനായി പുതിയ ചിത്രം വരുന്നു. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന 'ഗരുഡൻ' (Garudan) എന്ന ചിത്രത്തിന്‍റെ ടീസർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സുരേഷ് ഗോപിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് കഴിഞ്ഞ ദിവസം (ജൂൺ 26) അണിയറ പ്രവർത്തകർ ടീസർ പുറത്തുവിട്ടത്.
മാജിക് ഫ്രെയിംസ് ഫിലിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ (Listin Stephen) ആണ് ചിത്രം നിർമിക്കുന്നത്. സുരേഷ് ഗോപിയോടൊപ്പം ബിജു മേനോനും (Biju Menon) ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സംവിധായകൻ കൂടിയായ മിഥുൻ മാനുവൽ തോമസ് (Midhun Manuel Thomas) ആണ് ക്രൈം ത്രില്ലർ ശൈലിയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ.
ബോക്‌സോഫിസിൽ മികച്ച നേട്ടം കൊയ്‌ത, കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ 'അഞ്ചാം പാതിര' എന്ന ക്രൈം ത്രില്ലർ ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് 'ഗരുഡൻ'. മാജിക് ഫ്രെയിംസും മിഥുൻ മാനുവൽ തോമസും ആദ്യമായി കൈകോർക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.
അതേസമയം സുരേഷ് ഗോപി - ബിജു മേമോൻ കൂട്ടുകെട്ടിലും പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് സിനിമാസ്വാദകർ. 11 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത് എന്നതും 'ഗരുഡന്‍റെ' പ്രതീക്ഷകളെ വാനോളം ഉയർത്തുന്നു. 'കളിയാട്ടം, പത്രം, എഫ്‌ഐആർ ക്രിസ്‌ത്യൻ ബ്രദേഴ്‌സ്, ട്വന്‍റി-ട്വന്‍റി' തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഈ കൂട്ടുകെട്ട് പ്രേക്ഷകരെ രസിപ്പിച്ചിരുന്നു. 2010 ൽ പുറത്തിറങ്ങിയ 'രാമരാവണൻ' ആയിരുന്നു സുരേഷ് ഗോപിയും ബിജു മേനോനും അവസാനമായി ഒരുമിച്ച് അഭിനയിച്ച ചിത്രം.