സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹേമന്ത് ജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹിഗ്വിറ്റ'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വളരെ ഉദ്വേഗജനകമായ 1.37 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്.
സംഭാഷണം കൊണ്ടും സ്‌ക്രീന്‍ സ്‌പെയിസ് കൊണ്ടും സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ട്രെയിലറില്‍ ഹൈലൈറ്റാകുന്നത്. പന്ന്യന്നൂര്‍ മുകുന്ദന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. മാര്‍ച്ച് 31നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സംവിധായകന്‍ ഹേമന്ത് ജി നായര്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഹേമന്ത് ജി നായരുടെ ആദ്യ ചിത്രം കൂടിയാണ് 'ഹിഗ്വിറ്റ'.
പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ ചിത്രമാണ് 'ഹിഗ്വിറ്റ'. എന്നാല്‍ സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന്‍റെ പേരിനെ ചൊല്ലി വന്‍ വിവാദം പൊട്ടിപ്പുറപ്പെട്ടു. സിനിമയുടെ പേരില്‍ അവകാശവാദം ഉന്നയിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
എന്‍.എസ് മാധവന്‍റെ പ്രശസ്‌തമായ ചെറുകഥയാണ് 'ഹിഗ്വിറ്റ'. തന്‍റെ പുസ്‌തകത്തിന്‍റെ പേര് ഒരു സിനിമയ്‌ക്ക് നല്‍കിയതിനെ എതിര്‍ത്ത് രംഗത്തെത്തുകയായിരുന്നു എഴുത്തുകാരന്‍. 'ഹിഗ്വിറ്റ' എന്ന തന്‍റെ പ്രശസ്‌തമായ കഥയുടെ പേരിന് മേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
എന്‍എസ് മാധവന്‍റെ പ്രതികരണങ്ങള്‍ക്ക് പിന്നാലെ ഫിലിം ചേംബര്‍ സിനിമയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എന്‍ എസ് മാധവന്‍റെ ചെറുകഥയും തന്‍റെ സിനിമയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയുടെ പേര് മാറ്റണമെന്ന ഫിലിം ചേംബറിന്‍റെ ആവശ്യം സംവിധായകന്‍ അംഗീകരിച്ചതുമില്ല.
ഒരു സമകാലിക രാഷ്‌ട്രീയത്തിന്‍റെ നേര്‍കാഴ്‌ചയായിരിക്കും ചിത്രം പറയുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഒരു രാഷ്‌ട്രീയ നേതാവിന്‍റെ വേഷമാണ് സിനിമയില്‍ സുരാജിന്. ആലപ്പുഴയിലെ ഫുട്‌ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതുപക്ഷ നേതാവിന്‍റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്ര പശ്ചാത്തലം.
2019ലായിരുന്നു 'ഹിഗ്വിറ്റ'യുടെ ടൈറ്റില്‍ ലോഞ്ച്. എട്ട് പ്രമുഖ താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ടൈറ്റില്‍ ലോഞ്ച് ചെയ്യുകയായിരുന്നു. 'ഹിഗ്വിറ്റ' എന്ന പേര് തെരഞ്ഞെടുക്കാനുള്ള കാരണവും സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. 'സ്വന്തം പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ നേതാവിന്‍റെ കഥയാണ് 'ഹിഗ്വിറ്റ' എന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം. കളിക്കളത്തിലെ ഗോളിയെ പോലെയാണ് ഈ നേതാവിന്‍റെ അവസ്ഥ. അങ്ങനെയാണ് 'ഹിഗ്വിറ്റ' എന്ന പേരിലേക്ക് എത്തിയത്' -ഹേമന്ത് ജി നായര്‍ അടുത്തിടെ പറഞ്ഞു.
ജാഫര്‍ ഇടുക്കി, മനോജ് കെ. ജയന്‍, മാമുക്കോയ, വിനീത് കുമാര്‍, ശിവദാസ് കണ്ണൂര്‍, അബു സലിം, ശിവദാസ് മട്ടന്നൂര്‍, ജ്യോതി കണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. കൂടാതെ ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഫാസില്‍ നാസര്‍ ആണ് ഛായാഗ്രഹണം. പ്രസീത് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കും. വിനായക് ശശികുമാര്‍, ധന്യ നിഖില്‍ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
Also Read:'ഹിഗ്വിറ്റ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം.. പേര് മാറ്റാന്‍ ഉദ്ദേശമില്ല'; നിലപാട് വ്യക്തമാക്കി സംവിധായകന്‍