ചെന്നൈ :നാല്‍പത്തിനാലാമത് ചെസ് ഒളിമ്പ്യാഡിന് ചെന്നൈയില്‍ ഇന്ന് തുടക്കമാകുമ്പോള്‍ താരങ്ങള്‍ക്ക് അഭിനന്ദനവുമായി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഇന്‍ഡോര്‍ ഗെയിമുകളില്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് ചെസ് ആണെന്ന് അറിയിച്ചായിരുന്നു സ്റ്റൈല്‍ മന്നന്‍റെ ട്വീറ്റ്. 'എല്ലാ ചെസ് താരങ്ങള്‍ക്കും ആശംസകള്‍, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്നായിരുന്നു ട്വീറ്റ്. ചെസ് കളിക്കുന്ന ചിത്രവും ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവച്ചു.
ചെന്നൈയില്‍ നടക്കുന്ന ആഗോള ടൂര്‍ണമെന്‍റിന് ആശംസയറിയിച്ച് നിരവധി പ്രമുഖര്‍ ഇതിനോടകം രംഗത്തെത്തിയിരുന്നു. ചെസില്‍ ഇന്ത്യന്‍ പ്രതീക്ഷയായ പ്രജ്ഞാനന്ദയ്ക്ക് ആശംസയറിയിച്ചും, മത്സരനഗരിയെ പരിചയപ്പെടുത്തി വെല്‍കം ടു ചെന്നൈ എന്ന ഹാഷ്‌ടാഗില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പങ്കുവച്ച പോസ്റ്റുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്‍റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ പങ്കുവച്ച മത്സരവേദിയുടെ സുരക്ഷാചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ചെസ് കളിക്കുന്ന ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അതേസമയം, മാമല്ലപുരം ഫോര്‍ പോയിന്‍റ്സ് ബൈ ഷെരാട്ടണില്‍ ആരംഭിക്കുന്ന ചെസ് ഒളിമ്പ്യാഡ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ടൂര്‍ണമെന്‍റിന് ആതിഥ്യമരുളുന്ന ഇന്ത്യ ഒളിമ്പ്യാഡില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഇതിനായി ഓപ്പണ്‍, വനിത വിഭാഗങ്ങളിലായി മൂന്ന് വീതം ടീമുകളെയാണ് ഇന്ത്യ ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.