പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന കന്നി പാൻ ഇന്ത്യൻ ചിത്രം 'ഹനുമാനി'ലെ ആദ്യ ഗാനം പുറത്ത്. 'സൂപ്പർ ഹീറോ ഹനുമാൻ' എന്ന ഗാനമാണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അനുദീപ് ദേവ് സംഗീതം പകർന്ന ഗാനത്തിന്‍റെ മലയാളം പതിപ്പും പുറത്തുവന്നിട്ടുണ്ട് (Super Hero HanuMan From Hanuman movie).
സായ് വേദം വാഗ്ദേവി, പ്രകൃതി റെഡ്ഡി, മയൂഖ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. വൈഷ്‌ണവി പണിക്കർ, സായി വേദ വാഗ്ദേവി, ഋതു രാജ് എന്നിവർ ചേർന്നാണ് ഗാനത്തിന്‍റെ മലയാളം പതിപ്പിന് ശബ്‌ദം നൽകിയിരിക്കുന്നത്. കൃഷ്‌ണകാന്താണ് ഗാന രചന. തമാശക്കാരനും സാഹസികനുമായ ഹനുമാനെയാണ് ഈ ഗാനത്തിൽ രസകരമായ വരികളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ ആലാട്ടാണ് മലയാളത്തിൽ ഗാനം രചിച്ചത്.
ശിശുദിനത്തിൽ (നവംബർ 14) റിലീസ് ചെയ്‌ത ഗാനം മികച്ച പ്രതികരണം നേടുകയാണ്. ഹനുമാന്‍റെ വീര സാഹസിക പ്രവർത്തികൾ കുട്ടികൾക്ക് ആകർഷകമാകുന്ന രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. തേജ സജ്ജ നായകനായെത്തുന്ന 'ഹനുമാൻ' 2024 ജനുവരി 12ന് തിയേറ്ററുകളിലേക്കെത്തും. 11 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. തെലുഗു, ഹിന്ദി, മറാഠി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്‌പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിൽ ഹനുമാൻ പ്രേക്ഷകർക്ക് മുന്നിലെത്തും.
പ്രശാന്ത് വർമയുടെ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രമാണ് 'ഹനുമാൻ'. ഇന്ത്യന്‍ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, സൂപ്പര്‍ ഹീറോകളെ കുറിച്ച് ഒരു സിനിമാറ്റിക് വേള്‍ഡ് നിര്‍മിക്കാനാണ് ഈ സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്നത് എന്ന് 'കല്‍ക്കി', 'സോംബി റെഡ്ഡി' എന്നീ ചിത്രങ്ങളിലൂടെ തെലുഗു ചലച്ചിത്ര ലോകത്ത് ശ്രദ്ധയാകര്‍ഷിച്ച സംവിധായകൻ പ്രശാന്ത് വര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഎഫ്‌എക്‌സിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് തന്‍റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം അദ്ദേഹം ഒരുക്കുന്നത്.