സണ്ണി വെയ്‌നും (Sunny Wayne) സൈജു കുറുപ്പും (Saiju Kurup) കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്' (Written and Directed by God) ചിത്രത്തിന് തുടക്കമായി. നവാഗതനായ ഫെബി ജോർജ് സ്റ്റോൺഫീൽഡ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തില്‍ അപർണ ദാസും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്‍റെ സ്വിച്ച് ഓൺ കർമം തൊടുപുഴയില്‍ വച്ച് നടന്നു.
ടൈറ്റിലിലും പുതുമയുമായി എത്തുന്ന 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്' നെട്ടൂരാൻ ഫിലിംസിന്‍റെ ബാനറിൽ സനൂബ് കെ യൂസഫ് ആണ് നിർമിക്കുന്നത്. തോമസ് ജോസ് മാർക്‌സ്റ്റോൺ ആണ് സഹനിർമാണം. ‘റോയി’ എന്ന ചിത്രത്തിന് ശേഷം സനൂബ് കെ യൂസഫ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്'.
ചലച്ചിത്ര താരങ്ങളായ നിവിൻ പോളി, ആസിഫ് അലി, മഞ്ജു വാര്യർ, സൂരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, ഷൈൻ ടോം ചാക്കോ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, ബിബിൻ ജോർജ്, നമിത പ്രമോദ്, അനിഖ സുരേന്ദ്രൻ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നേരത്തെ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തത്.
ജോമോൻ ജോണ്‍, ലിന്‍റോ ദേവസ്യ, റോഷൻ മാത്യു എന്നിവര്‍ ചേര്‍ന്നാണ് 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്' ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ പ്രമേയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ഷാൻ റഹ്‍മാനാണ് 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ബബ്‍ലു അജു ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് അഭിഷേക് കൈകാര്യം ചെയ്യുന്നു. ജാവേദ് ചെമ്പ് ആണ് കൺട്രോളർ.
അതേസമയം സൈജു കുറുപ്പ് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്'. നവാഗതനായ സിന്‍റോ സണ്ണിയാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ജിബു ജേക്കബിനൊപ്പം പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് സിന്‍റോ സണ്ണി സ്വതന്ത്ര സംവിധായകനാകാൻ എത്തുന്നത്.