മുംബൈ: ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് 2018 ല്‍ പ്രദര്‍ശനത്തിനെത്തിയ മലയാളം ചിത്രമായ ജോസഫിന്‍റെ ഹിന്ദി റീമേക്ക് അണിയറയില്‍ ഒരുങ്ങുന്നു. ''സൂര്യ'' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സണ്ണി ഡിയോളാണ്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയിലെ തന്‍റെ ഫസ്റ്റ് ലുക്ക് ചിത്രങ്ങള്‍ ആരാധകരുമായി പങ്ക് വെച്ചിരിക്കുകയാണ് താരം ഇപ്പോള്‍.
ജയ്‌പൂരില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഫസ്‌റ്റ് ലുക്ക് ഫോട്ടോകള്‍ ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് ബോളിവുഡ് താരം പങ്ക് വെച്ചത്. മലയാളത്തിലെ ജോസഫ് എന്ന കഥാപാത്രത്തിന് സമാനമായ രീതിയിലുള്ള ലളിതമായ വസ്‌ത്രങ്ങള്‍ ധരിച്ച രീതിയിലാണ് സണ്ണി ഡിയോളിനെയും ചിത്രത്തില്‍ കാണപ്പെടുന്നത്. ചിത്രത്തിനൊപ്പം കഥാപാത്രത്തിനിണങ്ങുന്ന തരത്തിലൊരു അടിക്കുറുപ്പും താരം നല്‍കിയിട്ടുണ്ട്.