ഹൈദരാബാദ്:ബോളിവുഡിലെ പ്രശസ്‌ത നടൻ സണ്ണി ഡിയോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഗദർ 2' സിനിമയുടെ ടീസർ പുറത്ത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്‌സോഫിസിലെ പ്രധാന എതിരാളിയായ രൺബീർ കപൂർ ചിത്രം 'ആനിമലി'ന്‍റെ പ്രീ-ടീസർ പുറത്തിറങ്ങി ഒരു ദിവസം കഴിഞ്ഞാണ് ഇപ്പോൾ 'ഗദർ 2' ടീസർ എത്തിയിരിക്കുന്നത്.
അനിൽ ശർമ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമീഷ പട്ടേലാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2001ൽ ബോക്‌സോഫിസ് റെക്കോഡുകൾ തകർത്ത പ്രണയ ചിത്രമായ 'ഗദർ: ഏക് പ്രേം കഥ'യുടെ തുടർച്ചയാണ് 'ഗദർ 2'. സണ്ണി ഡിയോളും അമീഷ പട്ടേലും തന്നെയാണ് ആദ്യ ഭാഗത്തും തകര്‍ത്തഭിനയിച്ചത്.
റിലീസായി 22 വർഷങ്ങൾക്കിപ്പുറം ജൂൺ 9 ന് 'ഗദർ: ഏക് പ്രേം കഥ' വീണ്ടും തിയേറ്ററുകളില്‍ റിലീസ് ചെയ്‌തിരുന്നു. പുതിയ സിനിമയുടെ വരവിന് മുന്നോടിയായാണ് ആദ്യ ഭാഗം വീണ്ടും തിയേറ്ററുകളില്‍ എത്തിച്ചത്. റീമാസ്റ്റര്‍ ചെയ്‌ത 4കെ പതിപ്പാണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്.
1947 ൽ ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന പ്രണയകഥ ആയിരുന്നു ചിത്രത്തിന്‍റെ പ്രമേയം. അമൃത്‌സറില്‍ നിന്നുള്ള ട്രക്ക് ഡ്രൈവറായ താര സിങും ലാഹോറിലെ മുസ്‍ലിം കുടുംബത്തില്‍ നിന്നുള്ള സക്കീനയും തമ്മിലുള്ള പ്രണയമാണ് 'ഗദർ: ഏക് പ്രേം കഥ' വരച്ചുകാട്ടിയത്. ബോക്‌സോഫിസില്‍ തരംഗമായിരുന്ന ചിത്രത്തില്‍ അമരീഷ് പുരിയും പ്രധാന വേഷം കൈകാര്യം ചെയ്‌തിരുന്നു.
ആദ്യഭാഗം അവസാനിച്ചെടുത്ത് നിന്നും ഏറെ മുന്നോട്ട് സഞ്ചരിച്ചാണ് 'ഗദർ 2' ആരംഭിക്കുന്നത്. 1971 ലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധമാണ് 'ഗദർ 2' പ്രമേയമാക്കുന്നത്. തന്‍റെ മകൻ ചരൺജീതിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ പാകിസ്ഥാനിലേക്ക് താര സിങ് നടത്തുന്ന യാത്രയാണ് രണ്ടാം ഭാഗം പറയുക.
സംവിധായകൻ അനിൽ ശർമയുടെ മകനായ ഉത്കർഷ് ശർമയാണ് 'ഗദറി'ൽ ചരൺജീത് ആയി അഭിനയിച്ചത്. രണ്ടാം ഭാഗത്തിലും ഉത്കർഷ് തന്നെയാണ് ഈ കഥാപാത്രത്തിന് ജീവൻ പകരുക.
അതേസമയം ഇപ്പോൾ പുറത്തുവന്ന ടീസർ മികച്ച അഭിപ്രായം നേടുന്നുണ്ടെങ്കിലും ചില പരിഭവങ്ങളും ആരാധകർ പങ്കുവയ്‌ക്കുന്നുണ്ട്. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ടീസർ തങ്ങളുടെ ആകാംക്ഷയേയും പ്രതീക്ഷകളെയും തൃപ്‌തിപ്പെടുത്താൻ മതിയാവുന്നതല്ലെന്നാണ് അവരുടെ പരാതി. സണ്ണി അവതരിപ്പിക്കുന്ന താരാ സിംഗിന്‍റെ പാകിസ്ഥാനിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുള്ള വോയ്‌സ് ഓവറോടെയാണ് ടീസർ ആരംഭിക്കുന്നത്.
പിന്നീട് ആക്ഷൻ സീക്വൻസില്‍ മാസായും തുടർന്ന് ശവകുടീരത്തിനരികെ വികാരഭരിതനായി ഇരിക്കുന്ന താര സിങിനെയും കാണാം. ഏതായാലും ബോളിവുഡില്‍ ഏറെ ആരാധിക്കപ്പെടുന്ന താരമായ സണ്ണി ഡിയോളിന്‍റെ ശക്തമായ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രമാകും 'ഗദർ 2' എന്നാണ് ഏവരുടെയും പ്രതീക്ഷ. ഓഗസ്റ്റ് 11ന് ചിത്രം പ്രദർശനത്തിനെത്തും. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന രൺബീർ കപൂർ ചിത്രം 'ആനിമൽ', അക്ഷയ് കുമാർ നായകനാകുന്ന 'ഒഎംജി 2' തുടങ്ങിയ ചിത്രങ്ങളോടാവും 'ഗദർ 2'വിന് ബോക്‌സോഫിസില്‍ ഏറ്റുമുട്ടേണ്ടി വരിക.
ALSO READ:രൺബീർ കപൂർ - രശ്‌മിക മന്ദാന ചിത്രം 'ആനിമലി'ന്‍റെ ടീസർ നാളെയെത്തും ; പ്രീ ടീസർ പുറത്ത്