ഗാനമേളയ്‌ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ കാറിലേയ്‌ക്ക് ഓടിക്കയറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വാരനാട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടി മോശമായത് കൊണ്ടാണ് വിനീത് ഓടി രക്ഷപ്പെട്ടതെന്നാണ് നടനെതിരെയുള്ള പ്രചരണം.
എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ച് തിരക്കഥാകൃത്തും വാരനാട് സ്വദേശിയുമായ സുനീഷ് വാരനാട് രംഗത്തെത്തി. പരിപാടി മോശമായത് കൊണ്ടാണ് വിനീത് ഓടി രക്ഷപ്പെട്ടതെന്ന പ്രചരണം വ്യാജമെന്നാണ് സുനീഷ് വാരനാട് പ്രതികരിച്ചിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു സുനീഷിന്‍റെ പ്രതികരണം.
ഇത്തരത്തിലൂള്ള പ്രചരണങ്ങള്‍ ഒരു നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണെന്നും സുനീഷ് പറയുന്നു. പരിപാടി അവതരിപ്പിക്കുന്ന വിനീത് ശ്രീനിവാസന്‍റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പരിപാടിയുടെ സമാപന ദിവസം രാത്രി 10 മണിക്കായിരുന്നു വിനീത് ശ്രീനിവാസന്‍റെ ഗാനമേള.
'വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്‌തവം. വാരനാട്ടെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് വിനീതിന്‍റെ ഗാനമേള ഉണ്ടായിരുന്നു. രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും, സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു.
ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും, ഫോട്ടോ എടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്‌റ്റേജിന് പിന്നിൽ നിന്നും കുറച്ച് അകലെ പാർക്ക് ചെയ്‌തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചു നിർത്തി സെൽഫി എടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേയ്‌ക്ക് ഓടിയത്. 'പ്രോഗ്രാം മോശമായി, വിനീത് ഓടി രക്ഷപ്പെട്ടു' എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്.'- സുനീഷ് വാരനാട് കുറിച്ചു.
'തങ്കം' ആണ് വിനീതിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. ബിജു മേനോന്‍. അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ജൂഡ് ആന്‍റണി ജോസഫിന്‍റെ 2018 ആണ് വിനീതിന്‍റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, ലാല്‍ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തും.
Also Read:'രോമാഞ്ചം വന്നു... അല്ലു അര്‍ജുനേക്കാള്‍ കയ്യടി കിട്ടിയത് ഫഹദിന്': വിനീത് ശ്രീനിവാസന്‍