കൊച്ചി :ദർശന രാജേന്ദ്രൻ, അലക്സാണ്ടർ പ്രശാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പുരുഷ പ്രേതം’. എൻ്റർടെയ്‌നർ വിഭാഗത്തിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ ‘ആവാസവ്യൂഹം’ സിനിമയുടെ സംവിധായകൻ ക്രിഷാന്ദാണ്.
സോണി ലിവില്‍ എത്തും : സോണി ലിവിൽ ഡയറക്റ്റ് ഒടിടി റിലീസായാണ് ‘പുരുഷ പ്രേതം’ എത്തുന്നത്. വേറിട്ട രീതിയിൽ ഒരുക്കിയിരിക്കുന്ന സിനിമയുടെ പേരിലും ഏറെ വ്യത്യസ്‌തതകളുണ്ട്. അതേസമയം ‘പുരുഷ പ്രേതം’ സിനിമയിലെ‘ഷുഗർ ലോചനെ'ന്ന വീഡിയോ സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അലക്സാണ്ടർ പ്രശാന്ത്, ദേവകി രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന ഗാനം ഇറങ്ങി ഇതിനോടകം തന്നെ ഏറെ പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു.
സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അലക്സാണ്ടർ പ്രശാന്തിൻ്റെ രസികൻ അഭിനയ മുഹൂർത്തങ്ങളാണ് ഗാനത്തിൽ. ഹാസ്യ നടൻ, സഹനടൻ എന്നിങ്ങനെ താൻ കൈ വച്ച വേഷങ്ങളിൽ എല്ലാം തന്നെ തിളങ്ങിയ താരമാണ് അലക്‌സാണ്ടർ പ്രശാന്ത്. കൂടാതെ ദേവകി രാജേന്ദ്രൻ്റെ മിന്നുന്ന പ്രകടനവും ഗാനത്തില്‍ കാണാനാകും. അജ്‌മൽ ഹിസ്ബുള്ളയുടെ സംഗീതത്തിൽ സൂരജ് സന്തോഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിർമ്മൽ ജോവിയലാണ് ഗാനത്തിൻ്റെ വരികൾ രചിച്ചിരിക്കുന്നത്. അലക്‌സാണ്ടർ പ്രശാന്തിൻ്റെയും ദേവകി രാജേന്ദ്രൻ്റെയും ശൃഗാരം ചേർന്ന അഭിനയവും ശ്രദ്ധയാകര്‍ഷിക്കുന്നു.
also read:സംഭവബഹുലമായ കശ്‌മീർ ഷെഡ്യൂൾ പൂർത്തിയാക്കി ‘ലിയോ’ ടീം ചെന്നൈയിലേക്ക്
മാര്‍ച്ച് 17ന് സിനിമയുടെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതുകൂടാതെ ചിത്രത്തിൻ്റെ ട്രെയിലറിൻ്റെ മറ്റൊരു പതിപ്പ്, വ്യാഴാഴ്‌ച, സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയ സോണി ലിവും പുറത്തുവിട്ടിരുന്നു. ‘സെബാസ്റ്റ്യനെ മാത്രമല്ല, മുഴുവൻ കേരള പോലീസിനെയും കുഴപ്പിച്ച ഒരു ഡെഡ് ബോഡി! ഈ കിടിലൻ എൻ്റർടെയ്‌നർ മാർച്ച് 24 മുതൽ സോണി ലിവിൽ എത്തുന്നു’ - എന്ന അടിക്കുറിപ്പോടെയാണ് ഒടിടി പ്ലാറ്റ്‌ഫോം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ സിനിമയുടെ ട്രെയിലര്‍ പങ്കുവച്ചത്.
also read:'പുരുഷ പ്രേതം' വരുന്നു... ദര്‍ശന രാജേന്ദ്രൻ, അലക്സാണ്ടർ പ്രശാന്ത് എന്നിവർ മുഖ്യവേഷങ്ങളില്‍: ട്രെയിലര്‍ പുറത്ത്
സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും സംവിധായകൻ ക്രിഷാന്ദാണ്. സുഹൈൽ ബക്കർ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. വിഷ്‍ണു രാജൻ, ജോമോൻ ജേക്കബ്, സജിൻ എസ് രാജ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, എന്നിവർക്കൊപ്പം സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അലക്സാണ്ടർ പ്രശാന്തും ചേർന്നാണ് ‘പുരുഷ പ്രേതം’ നിർമ്മിച്ചിരിക്കുന്നത്. പ്രമുഖ സംവിധായകരായ ജിയോ ബേബിയുടെയും, മനോജ് കാനയുടെയും സാന്നിധ്യവും സിനിമയെപ്പറ്റിയുള്ള പ്രേക്ഷക പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
2022 ല്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ക്രിഷാന്ദ് സംവിധാനം ചെയ്‌ത ആവാസവ്യൂഹത്തിനായിരുന്നു. ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്‌കരിക്കുന്ന ചിത്രം എന്നാണ് ജൂറി ഇതേക്കുറിച്ച് വിലയിരുത്തിയത്.