പൃഥ്വിരാജ്-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മുംബൈ പൊലീസ് മലയാളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ്. ബോബി സഞ്‌ജയുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ വ്യത്യസ്‌തമാര്‍ന്ന പ്രമേയം കൊണ്ടും അവതരണം കൊണ്ടുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പൃഥ്വിരാജ് അവതരിപ്പിച്ച എസിപി ആന്‍റണി മോസസ് ഐപിഎസ് എന്ന കഥാപാത്രം മലയാളത്തിലെ നായകസങ്കല്‍പ്പങ്ങളെയെല്ലാം മാറ്റിമറിച്ച റോളായിരുന്നു.
ഒപ്പം ജയസൂര്യ, റഹ്‌മാന്‍, അപര്‍ണ നായര്‍, റിയാസ് ഖാന്‍ ഉള്‍പ്പെടെയുളള താരങ്ങളും മുംബൈ പൊലീസില്‍ ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ചു. സൈക്കളോജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രത്തിന്‍റെ ക്ലൈമാക്‌സ് തന്നെയാണ് എല്ലാവരെയും ഞെട്ടിച്ചത്. 2013ല്‍ റിലീസ് ചെയ്‌ത ചിത്രം ഇപ്പോഴും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്.