മുംബൈ:കിങ് ഖാനെ പ്രശംസിച്ച് പഠാന്‍ സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ കേസി ഒനീല്‍. ഷാരൂഖ് ഖാനും അമേരിക്കന്‍ താരം ടോം ക്രൂസും ഒരുപോലെ ആണെന്നായിരുന്നു കേസി ഒനീലിന്‍റെ പ്രതികരണം. ആരാധകരെ തൃപ്‌തരാക്കാന്‍ ഏതറ്റം വരെയും പോകുന്നവരാണ് ടോം ക്രൂസും ഷാരൂഖ് ഖാനും എന്ന് കേസി പറയുന്നു.
'രണ്ടു പേരും യഥാര്‍ഥ പ്രൊഫഷണലുകളും പ്രതിഭകളുമാണ്. ടോം ക്രൂസ് തന്‍റെ വൈദഗ്‌ധ്യത്തില്‍ ജീവിക്കുന്ന നിര്‍ഭയനായ ഒരു നടനാണ്. പ്രേക്ഷകരെ രസിപ്പിക്കാനായി എല്ലാ പുറം തോടുകളും ടോം ഊരിയെറിയും. ഷാരൂഖ് ഖാനും ഇതുപോലെ തന്നെയാണ്', കേസി പറഞ്ഞു.
സിനിമയ്‌ക്ക് വേണ്ടി ഏത് റിസ്‌കും ഏറ്റെടുക്കും:'അദ്ദേഹം ആക്ഷന്‍ ഒന്നും നേരത്തെ പഠിച്ചതല്ല. പഠാനുവേണ്ടി പഠിച്ചതാണ്. പഠാനെ മികച്ചൊരു എന്‍റര്‍ടെയ്‌നറായി അവതരിപ്പിക്കാന്‍ തന്‍റെ ശരീരം പോലും മറന്നാണ് എസ്‌ആര്‍കെ ആക്ഷന്‍ പഠിച്ചത്. പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ എന്തും ചെയ്യുന്ന രണ്ട് സിനിമ പ്രേമികളാണ് ടോം ക്രൂസും ഷാരൂഖ് ഖാനും. ഞാന്‍ ടോമിനൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന സമയങ്ങള്‍ വളരെയധികം ആസ്വദിച്ചു കൊണ്ടാണ് ഞങ്ങള്‍ ഇരുവരും വര്‍ഷങ്ങളായി ജോലി ചെയ്യുന്നത്.
ഷാരൂഖ് ഖാനെ പോലുള്ള ഒരു ആഗോള താരത്തിനൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതിലും ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു ആക്ഷന്‍ താരമായി അദ്ദേഹം മാറുന്നത് നേരിട്ട് കാണാന്‍ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട്', എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
എസ്‌ആര്‍കെ അതിശയിപ്പിക്കുന്ന നടന്‍: 'അസാധാരണക്കാരനായ കായിക താരവും പ്രകടനക്കാരനും' എന്നാണ് കേസി, കിങ് ഖാനെ വിശേഷിപ്പിച്ചത്. 'എസ്‌ആര്‍കെയ്‌ക്ക് വ്യത്യസ്‌തമായ നിരവധി ആക്ഷന്‍ സീക്വന്‍സുകളോട് പെട്ടെന്ന് പൊരുത്തപ്പെടാന്‍ സാധിക്കും. സിനിമയുടെ മാജിക്കില്‍ മികവ് പുലര്‍ത്താനും അദ്ദേഹത്തിന് കഴിയും. ഷാരൂഖ് ഒരു യഥാര്‍ഥ മാന്യനും അതിശയിപ്പിക്കുന്ന നടനുമാണ്. അദ്ദേഹത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പം പഠാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ ഭാഗമാകാന്‍ എനിക്കും ഭാഗ്യം ലഭിച്ചു', കേസി തന്‍റെ പഠാന്‍ അനുഭവം പങ്കുവച്ചു.
'സൈബീരിയയുടെ അതിവിശാലമായ സൗന്ദര്യത്തില്‍ ഞങ്ങള്‍ ചില സീനുകള്‍ ചെയ്‌തു. കഠിനമായ മഞ്ഞു വീഴ്‌ചയില്‍ ഞങ്ങള്‍ ഒരു ചേസിങ് തന്നെ നടത്തി. മഞ്ഞ് ഉരുകുന്നതിന് മുമ്പ് നീല നിറത്തിലുള്ള മഞ്ഞിനെയും ബൈക്കല്‍ തടാകത്തെയും പശ്ചാത്തലമാക്കി സീനുകള്‍ ചെയ്യുക എന്നത് അതി സാഹസികമായിരുന്നു', കേസി പറഞ്ഞു.
പഠാന്‍ എന്ന സൂപ്പര്‍ഹിറ്റ്: ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയ കിങ് ഖാന്‍ ചിത്രമാണ് പഠാന്‍. രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്കും ചിത്രം തിരികൊളുത്തിയിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും സിനിമ ബോക്‌സോഫിസില്‍ വന്‍ വിജയവുമായി മുന്നേറുകയാണ്.
റിലീസിന് മുമ്പ് തന്നെ ചിത്രം പ്രതിസന്ധികള്‍ നേരിട്ടിരുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് 12 കട്ടുകള്‍ നിര്‍ദേശിച്ചതായാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വിവരം. നിരവധി വെട്ടിച്ചുരുക്കലോടെയാണ് പഠാന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ഷാരൂഖ് ഖാന്‍ നാലു വര്‍ഷത്തിന് ശേഷം ബിഗ് സ്ക്രീനിലേക്ക് മികച്ച തിരിച്ചുവരവ് നടത്തിയ ചിത്രം എന്ന പ്രത്യേകതയും പഠാന്‍ സിനിമക്കുണ്ട്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത പഠാനില്‍ ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, അശുതോഷ് റാണ, ഡിംപിള്‍ കപാഡിയ എന്നിവരും പ്രധാന വേഷം ചെയ്‌തിട്ടുണ്ട്. യഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.