പ്രശസ്‌ത കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'മധുര മനോഹര മോഹ'ത്തിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. നർമത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിന്‍റെ ടീസറും പ്രേക്ഷകരില്‍ ചിരി പടർത്തുകയാണ്. ചിരി മാത്രമല്ല കൗതുകവും ഉണർത്തുന്നുണ്ട് ഈ പുതിയ ടീസർ.
ഒരു മാട്രിമോണിയല്‍ പരസ്യത്തിന്‍റെ രീതിയിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ദീന്‍ തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുമെന്ന പ്രതീക്ഷയും ടീസര്‍ മുന്നോട്ട് വെക്കുന്നു.
ബി3എം ക്രിയേഷന്‍സ് ആണ് ചിത്രത്തിന്‍റെ നിർമാണം. 'ബുള്ളറ്റ് ഡയറീസ്' എന്ന് ചിത്രത്തിന് ശേഷം ബി3എം ക്രിയേഷന്‍സ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് 'മധുര മനോഹര മോഹം'. ഒരു മുഴുനീള എന്‍റർടൈനറാണ് സ്റ്റെഫിയും സംഘവും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
വിജയരാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. 'മധുര മനോഹര മോഹ'ത്തിന്‍റെ കഥ എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്‌ണു എന്നിവര്‍ ചേര്‍ന്നാണ്.
ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ചന്ദ്രു സെല്‍വരാജാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി, മാളവിക വി. എന്‍. എന്നിവരും നിർവഹിക്കുന്നു. ഹിഷാം അബ്‌ദുള്‍ വഹാബ് ആണ് ചിത്രത്തിന് ഈണം പകരുന്നത്. 'ഹൃദയം, മൈക്ക്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'മധുര മനോഹര മോഹം'.
നവാഗതനായ ജിബിന്‍ ഗോപാല്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സംഗീത സംവിധായകന്‍റെ റോളിലും ജിബിന്‍ ഗോപാലുണ്ട്. കൂടാതെ സിനിമക്കായി പ്രൊമോ സോങ് ഒരുക്കിയതും ജിബിന്‍ ആണ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്‌ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോനെക്‌സ് സേവിയര്‍. കോസ്റ്റ്യൂം- സനൂജ് ഖാന്‍, കൊറിയോഗ്രാഫര്‍: ഇംതിയാസ് അബൂബക്കര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപ്പള്ളിയല്‍, എബിന്‍ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍: ശങ്കരന്‍ എഎസ്, കെ. സി. സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്: വിഷ്‌ണു സുജാതന്‍, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
തന്‍റെ 23-ാം വയസിലാണ് സ്റ്റെഫി സേവ്യർ ആദ്യമായി കോസ്റ്റ്യൂം ഡിസൈനറായി കരിയർ ആരംഭിക്കുന്നത്. വയനാട് സ്വദേശിനിയായ സ്റ്റെഫി പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി. ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി, ഗപ്പി, എസ്ര എന്നിവയുൾപ്പെടെ 65 ലധികം സിനിമകളില്‍ അവർ പ്രവർത്തിച്ചു. 2016 ൽ 'ഗപ്പി' എന്ന ചിത്രത്തിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കാനും സ്റ്റെഫിക്ക് കഴിഞ്ഞു.
ALSO READ:രജിഷ വിജയനും പ്രിയ വാര്യരും ഒന്നിക്കുന്ന 'കൊള്ള'; ത്രില്ലടിപ്പിച്ച് ട്രെയിലർ