അന്താരാഷ്‌ട്ര പുരസ്‌കാര നേട്ടത്തില്‍ ബ്രഹ്മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി. മികച്ച സംവിധായകനുള്ള ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ പുരസ്‌കാരം സ്വന്തമാക്കി രാജമൗലി. ജനുവരിയിലാണ് പുരസ്‌കാര സമര്‍പ്പണം.
അതേസമയം മികച്ച സിനിമയ്‌ക്കുള്ള പുരസ്‌കാരം 'ആര്‍ആര്‍ആറിന്' ലഭിച്ചില്ല. എന്നാല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം 'ആര്‍ആര്‍ആറി'ലൂടെ രാജമൗലിക്ക് ലഭിച്ചു. ജൂറിയുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 'ആര്‍ആര്‍ആര്‍' സിനിമയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലും വാര്‍ത്ത പങ്കുവച്ചിട്ടുണ്ട്.
ടോഡ് ഫീല്‍ഡ് സംവിധാനം ചെയ്‌ത 'ടാര്‍' ആണ് മികച്ച ചിത്രം. കോളിന്‍ ഫാരെല്‍ ആണ് മികച്ച നടന്‍. 1935 ല്‍ സ്ഥാപിതമായ ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിൾ, അമേരിക്കയിലെ ആദ്യകാല ക്രിട്ടിക്‌സുകള്‍ അംഗമായിട്ടുള്ള ഗ്രൂപ്പാണിത്. പത്രങ്ങൾ, മാസികകൾ, ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ നിന്നുള്ളവരാണ് അംഗങ്ങള്‍.
2022 മാര്‍ച്ചില്‍ റിലീസിനെത്തിയ ചിത്രം അല്ലൂരി സീതാരാമയ്യ രാജു, കോമരം ഭീം എന്നീ തെലുഗു സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിത കഥയാണ് പറയുന്നത്. 1200 കോടി രൂപയാണ് സിനിമയുടെ ഇതുവരെയുള്ള കലക്ഷന്‍.
ഓസ്‌കര്‍ മത്സര വേദിയില്‍ തിളങ്ങാനൊരുങ്ങുകയാണ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'. സിനിമയുടെ ഓസ്‌കര്‍ കാമ്പയിനിനായി രാജമൗലി കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി അമേരിക്കയിലാണ്. ഓസ്‌കറിന് മുന്നോടിയായി അമേരിക്കയില്‍ മികച്ച സ്വീകാര്യതയാണ് 'ആര്‍ആര്‍ആര്‍' നേടുന്നത്.
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്‌ത 'ആര്‍ആര്‍ആര്‍', സംവിധായകന്‍, നടന്‍ തുടങ്ങി 14 വിഭാഗങ്ങളിലായാണ് മത്സരിക്കുക. ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ കാമ്പയിനിന്‍റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
മികച്ച പിക്‌ചര്‍ (ഡിവിവി ഡനയ്യ), മികച്ച സംവിധായകന്‍ (എസ്.എസ് രാജമൗലി), മികച്ച നടന്‍ (ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍), മികച്ച സഹനടന്‍ (അജയ് ദേവ്‌ഗണ്‍), മികച്ച സഹനടി (ആലിയ ഭട്ട്) തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.
ഓസ്‌കര്‍ നോമിനേഷന് വേണ്ടി തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണ് ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ കാമ്പയിന്‍. ഓസ്‌കര്‍ അക്കാദമിക്ക് കീഴിലുള്ള തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ച ശേഷം അക്കാദമി അംഗങ്ങളുടെ വോട്ടിങ് ആരംഭിക്കും. ഇതിന് ശേഷമാണ് ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കുക.
Also Read:'അച്ഛനൊപ്പം കഥയുടെ പണിപ്പുരയിലാണ്' ; ആര്‍ആര്‍ആര്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ച് രാജമൗലി