തന്റെ ഫാന്‍ ബോയ് നിമിഷം പങ്കുവച്ച് ബ്രഹ്മാണ്ഡ സംവിധായകന് എസ്.എസ് രാജമൗലി. ഹോളിവുഡിലെ വിഖ്യാത സംവിധായകന് സ്റ്റീവന്‍ സ്പില്‍ബര്‍ഗിനെ കണ്ടുമുട്ടിയ നിമിഷം രാജമൗലി അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.
സ്റ്റീവന്‍ സ്പില്‍ബര്‍ഗിനെ ദൈവത്തോടാണ് രാജമൗലി ഉപമിച്ചിരിക്കുന്നത്. 'ഞാന്‍ ദൈവത്തെ കണ്ടുമുട്ടി' എന്ന അടിക്കുറിപ്പില്‍ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനത്തിന് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ച ചടങ്ങില്‍ വച്ചാണ് രാജമൗലിയും സ്പില്‍ബര്‍ഗും കണ്ടുമുട്ടിയത്.
രണ്ട് ചിത്രങ്ങളാണ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സ്റ്റീവന്‍ സ്പില്‍ബര്‍ഗിനെ കണ്ടുമുട്ടിയതിലെ രാജമൗലിയുടെ ആവേശം ആദ്യ ചിത്രത്തില്‍ കാണാനാകും. പ്രിയ സംവിധായകനെ കണ്ടുമുട്ടിയപ്പോള്‍ മുഖത്ത് കൈ വയ്ക്കുന്ന രാജമൗലിയെ ചിത്രത്തില്‍ കാണാം.
രണ്ടാമത്തെ ചിത്രത്തില്‍ സ്പില്‍ബര്‍ഗിനൊപ്പം സംഗീത സംവിധായകന് എംഎം കീരവാണിയും ഉണ്ട്. കീരവാണിയും ഈ സന്തോഷ നിമിഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 'സിനിമകളുടെ ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചിരുന്നു. 'ഡ്യുവല്‍' ഉള്‍പ്പടെയുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ എനിക്കേറെ ഇഷ്ടമാണെന്ന് അദ്ദേഹത്തിന്റെ കാതുകളില്‍ പറയാനുള്ള ഭാഗ്യം ഉണ്ടായി. സ്പില്‍ബര്‍ഗിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കീരവാണി ട്വീറ്റ് ചെയ്തു.
Also Read: 'വെറുതെയല്ല ഗോൾഡൻ ഗ്ലോബ്': 'നാട്ടു നാട്ടു' നൃത്തത്തിന്റെ കഠിനാധ്വാനത്തെ കുറിച്ച് കൊറിയോഗ്രാഫര്‍
'നാട്ടു നാട്ടു' ഗാനം ഇഷ്ടമായെന്ന് സ്പില്‍ബര്‍ഗ് തന്നോട് പറഞ്ഞത് തനിക്ക് വിശ്വസിക്കാനായില്ലെന്നും കീരവാണി കുറിച്ചു. ചിത്രം പങ്കുവച്ചതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. 'സിനിമ, സിനിമയെ കണ്ടുമുട്ടുന്നു.' -എന്ന് ഒരു ആരാധകന് എഴുതി. 'നിങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ കുട്ടിക്കാലം അവിസ്മരണീയമാക്കിയ ഇതിഹാസങ്ങളാണെന്ന്' മറ്റൊരാള്‍ കുറിച്ചു.