ഹൈദരാബാദ്:തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയും മകൻ രംചരണും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ആചാര്യ'യുടെ പ്രീ-റിലീസ് ഇവന്‍റ് നടത്തി അണിയറപ്രവർത്തകർ. സിനിമ അഭിനേതാക്കളും സാങ്കേതിക വിദഗ്‌ധരുമുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ഹിറ്റ് സംവിധായകൻ എസ്എസ് രാജമൗലി ആയിരുന്നു വിശിഷ്‌ടാതിഥിയായെത്തിയത്. 'ആചാര്യ' ടീമിന് ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം പങ്കുവച്ച വാക്കുകാളാണിപ്പോൾ ചിരഞ്ജീവി, രംചരൺ ആരാധകർക്കിടയിൽ ആവേശമുണർത്തിയിരിക്കുന്നത്.
പ്രീ-റിലീസ് ചടങ്ങിൽ മെഗാസ്റ്റാർ ചിരഞ്ജീവിയെ പ്രശംസിച്ച രാജമൗലി, താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള വ്യക്തികളിൽ ഒരാളാണ് അദ്ദേഹമെന്നും പറഞ്ഞു. എന്നാൽ തന്‍റെ ആർആർആർ ഹീറോ രാംചരൺ ചിരഞ്ജീവിയെക്കാൾ മികച്ചതാണെന്നും രാജമൗലി തമാശരൂപേണ കൂട്ടിച്ചേർത്തു.
'ചിരു സർ, നിങ്ങൾ കാണാൻ നല്ലതാണ്. നിങ്ങൾ നന്നായി നൃത്തം ചെയ്യും, നന്നായി അഭിനയിക്കും. ഒരു മെഗാസ്റ്റാർ ആണ് താങ്കൾ എങ്കിലും എന്‍റെ ആർആർആർ ഹീറോ രാംചരണിന്‍റെ അത്ര വ്യക്തിപ്രഭാവം താങ്കൾക്കില്ല' എന്നായിരുന്നു രാജമൗലി പറഞ്ഞത്. ഹിറ്റ് മേക്കറുടെ വാക്കുകൾ വേദിയിലാകെ ചിരി പടർത്തി.
'മഗധീരയുടെ സമയത്താണ് ഞാൻ ചിരഞ്ജീവിയെ കാണുന്നത്. രാംചരണിന് വേണ്ടി അദ്ദേഹം ഒരു ശുപാർശയും നടത്തിയിട്ടില്ലെന്ന് അന്ന് എനിക്ക് മനസിലായി. ചരൺ ഇന്ന് ഈ നിലയിലെത്തിയത് അവന്‍റെ മാത്രം കഴിവ് കൊണ്ടാണ്. അവൻ തെറ്റുകൾ വരുത്തി, അതിൽ നിന്നും പഠിച്ചു, ഇന്ന് കാണുന്ന വ്യക്തിയായി പരിണമിച്ചു. എല്ലാം സ്വന്തം കഠിനാധ്വാനം കൊണ്ടാണ്.' രാംചരണിന്‍റെ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട് രാജമൗലി പറഞ്ഞു.
READ MORE:'രാം ചരണിനൊപ്പം നൃത്തം ചെയ്യാനുള്ള ആത്മവിശ്വാസമില്ല' ; വെളിപ്പെടുത്തി ചിരഞ്ജീവി
ആചാര്യ സിനിമയുടെ സംവിധായകനും തന്‍റെ സഹപ്രവർത്തകനുമായ കൊരട്ടാല ശിവയെക്കുറിച്ചും രാജമൗലി സംസാരിച്ചു. പുറമേ കാണുന്ന സൗമ്യഭാവമല്ല കൊരട്ടാലയുടേത്. അദ്ദേഹം വളരെ ശക്തനാണ്. ഒറ്റനോട്ടത്തിൽ വളരെ ശാന്തനായി തോന്നാം. എന്നാൽ അദ്ദേഹം എല്ലാം സൂക്ഷ്‌മമായി നിരീക്ഷിക്കും. മാസ് സംവിധായകരിൽ ഒരാൾ കൂടിയാണ് കൊരട്ടാലയെന്നും രാജമൗലി കൂട്ടിച്ചേർത്തു.
ശനിയാഴ്‌ചയായിരുന്നു (ഏപ്രിൽ 23) പ്രീ-റിലീസ് ഇവന്‍റ് സംഘടിപ്പിച്ചത്. ചിരഞ്ജീവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആചാര്യയിൽ ധർമ്മസ്ഥലി എന്ന പുണ്യഭൂമിയുടെ സംരക്ഷകനായാണ് രാം ചരൺ പ്രത്യക്ഷപ്പെടുന്നത്. ഏപ്രിൽ 29 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.