'ആർആർആർ', 'ബാഹുബലി' തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് വേറിട്ട ദൃശ്യ വിരുന്നൊരുക്കിയ സംവിധായകനും നിർമാതാവുമാണ് എസ്എസ് രാജമൗലി. ഇപ്പോഴിതാ മറ്റൊരു ഇതിഹാസ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് താനെന്ന് സിനിമാസ്വാദകരെ അറിയിച്ചിരിക്കുകയാണ് അദ്ദേഹം (SS Rajamouli Announces New Film). എസ്എസ് രാജമൗലി അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം ആഘോഷമാക്കുകയാണ് ആരാധകർ.
'മെയ്‌ഡ് ഇൻ ഇന്ത്യ' (Made In India) എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതിൻ കക്കറാണ് (Nitin Kakkar). ഇത്തവണ ബയോപിക്കുമായാണ് രാജമൗലിയുടെയും സംഘത്തിന്‍റെയും വരവ്. ഇന്ത്യൻ സിനിമയുടെ കഥയാണ് 'മെയ്‌ഡ് ഇൻ ഇന്ത്യ' പറയുക.
ഏറെ സസ്‌പെൻസും ഹൈപ്പും ഒളിപ്പിച്ച വീഡിയോയ്‌ക്കൊപ്പമാണ് എസ്എസ് രാജമൗലി പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. 'ആദ്യം ആ വിവരണം കേട്ടപ്പോൾ തന്നെ, കഥ എന്നെ വൈകാരികമായി ചലിപ്പിച്ചു. ഒരു ബയോപിക് നിർമിക്കുക എന്നത് കഠിനമാണ്, ഇന്ത്യൻ സിനിമയുടെ പിതാവിനെക്കുറിച്ചുള്ള കഥ എന്നത് അതിലും വെല്ലുവിളിയാണ്. എന്നാൽ ഞങ്ങളുടെ ആൺകുട്ടികൾ അതിന് തയ്യാറാണ്... വളരെയധികം അഭിമാനം'- അദ്ദേഹം പ്രഖ്യാപന വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു.
ഇന്ത്യൻ സിനിമയില്‍ നിരവധിയായ ബയോപിക്കുകൾ ഉണ്ടായിട്ടുണ്ടെന്നും 'മെയ്‌ഡ് ഇൻ ഇന്ത്യ' ഇന്ത്യൻ സിനിമയുടെ ബയോപിക്കാണെന്നും ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയിൽ പറയുന്നത് കാണാം. ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത കഥ, ഏറ്റവും മികച്ച ദൃശ്യചാരുതയോടെയാകും എത്തുക എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.