ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'എൽഎൽബി' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്‌സ്). എ എ സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നു. യുവത്വത്തിന്‍റെയും സൗഹൃദത്തിന്‍റെയും കഥ പറയുന്ന 'എൽഎൽബി'യുടെ ഏറെ കൗതുകമുണർത്തുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Sreenath Bhasi, Anoop Menon starrer LLB Movie Teaser out).
സസ്‌പെൻസ് നിറച്ചെത്തിയ ടീസർ പ്രേക്ഷകർക്ക് മുന്നിൽ ഏറെ ചോദ്യങ്ങൾ ബാക്കിയാക്കിയാണ് അവസാനിക്കുന്നത്. ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവർ കോളജ് വിദ്യാർഥികളായി എത്തുമ്പോൾ അനൂപ് മേനോൻ പൊലീസ് വേഷമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജനുവരി 19ന് 'ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്‌സ്' തിയേറ്ററുകളിലെത്തും.
റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ. തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ് രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. രണ്ടത്താണി ഫിലിംസിന്‍റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് നിർമാണം.