മുംബൈ:മാർവൽ എന്‍റർടെയ്‌ൻമെന്‍റുമായി ചേർന്ന് കൊളംബിയ പിക്‌ചേഴ്‌സും സോണി പിക്‌ചേഴ്‌സ് ആനിമേഷനും നിർമിച്ച്, സോണി പിക്‌ചേഴ്‌സ് റിലീസിങ് വിതരണം ചെയ്യുന്ന 'സ്‌പൈഡർമാൻ: അക്രോസ് ദി സ്പൈഡർ-വേഴ്‌സ്' ഇന്ത്യയിൽ ഒരു ദിവസം നേരത്തെയെത്തും. സോണി പിക്‌ചേഴ്‌സ് എന്‍റർടെയ്‌ൻമെന്‍റ് ഇന്ത്യയാണ് ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ അമേരിക്കൻ കമ്പ്യൂട്ടർ ആനിമേറ്റഡ് സൂപ്പർഹീറോ ചിത്രം ജൂൺ ഒന്നിന് ഇന്ത്യൻ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ജൂൺ രണ്ടിനാണ് മറ്റിടങ്ങളിലെ റിലീസ്. 2018ൽ പുറത്തിറങ്ങിയ 'സ്‌പൈഡർമാൻ: ഇൻ ടു ദി സ്പൈഡർ വേഴ്‌സ്' എന്ന ചിത്രത്തിന്‍റെ തുടർച്ചയാണ് 'സ്‌പൈഡർമാൻ: അക്രോസ് ദി സ്പൈഡർ വേഴ്‌സ്'.
ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ, മലയാളം, ഗുജറാത്തി, മറാത്തി, പഞ്ചാബി, ബംഗാളി ഭാഷകളിൽ ചിത്രം പുറത്തിറങ്ങുമെന്ന് സ്റ്റുഡിയോ പത്രക്കുറിപ്പിൽ അറിയിച്ചു. ചിത്രത്തോട് ഇന്ത്യൻ ആരാധകർ കാണിക്കുന്ന താത്‌പര്യവും അവരുടെ ആവേശവും കണക്കിലെടുത്താണ് റിലീസ് നേരത്തെ ആക്കുന്നതെന്ന് സോണി പിക്‌ചേഴ്‌സ് റിലീസിങ് ഇന്‍റർനാഷണൽ (എസ്‌പിആർഐ) ഇന്ത്യയുടെ ജനറൽ മാനേജരും മേധാവിയുമായ ഷോണി പഞ്ഞിക്കാരൻ വ്യക്തമാക്കി.
ALSO READ:'ആന്റ്-മാൻ ആൻഡ് ദി വാസ്‌പ്: ക്വാണ്ടമാനിയ' ഒടിടിയിൽ
ഇന്ത്യൻ ആരാധകർക്ക് സിനിമയോടുള്ള അഭൂതപൂർവമായ ആവേശം മനസിലാക്കി ഒരു ദിവസം മുമ്പ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചതായി അറിയിച്ച അദ്ദേഹം വീണ്ടും 10 ഭാഷകളിൽ ഇത് ആവർത്തിക്കുമെന്നും കൂട്ടിച്ചേർത്തു. ചിത്രത്തിന്‍റെ ഹിന്ദി, പഞ്ചാബി ഭാഷ പതിപ്പുകളിൽ സ്‌പൈഡർമാന് ശബ്‌ദം നൽകിയിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്‌മാൻ ഗിൽ ആണ് എന്നതും ചിത്രത്തിൻ്റെ പ്രത്യേകതയാണ്.
ജോക്വിം ഡോസ് സാന്റോസ്, കെംപ് പവർസ്, ജസ്റ്റിൻ കെ തോംസൺ എന്നിവർ ചേർന്നാണ് 'സ്‌പൈഡർമാൻ: അക്രോസ് ദി സ്പൈഡർ വേഴ്‌സ്' സംവിധാനം ചെയ്‌തിരിക്കുന്നത്. തിരക്കഥയ്‌ക്ക് പിന്നിൽ ഫിൽ ലോർഡ്, ക്രിസ്റ്റഫർ മില്ലർ, ഡേവിഡ് കാലഹാം എന്നിവരാണ്. കേന്ദ്ര കഥാപാത്രമായ മൈൽസ് മൊറേൽസിന് ശബ്‌ദം നൽകുന്നത് ഷമൈക് മൂർ ആണ്.
ഹെയ്‌ലി സ്റ്റെയിൻഫെൽഡ്, ജേക്ക് ജോൺസൺ, ഇസ റേ, ഡാനിയൽ കലുയ, ജേസൺ ഷ്വാർട്‌സ്‌മാൻ, ബ്രയാൻ ടൈറി ഹെൻറി, ലൂണ ലോറൻ വെലെസ്, ഗ്രെറ്റ ലീ, റേച്ചൽ ഡ്രാച്ച്, ജോർമ ടാക്കോൺ, ഷിയ വിഗാം, ഓസ്‌കർ ഇസാക്ക് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു.
സ്‌പൈഡർ-ഫോഴ്‌സ് എന്നറിയപ്പെടുന്ന പുതിയ സ്‌പൈഡർ പീപ്പിൾ ടീമിനൊപ്പം മൾട്ടിവേഴ്‌സിലുടനീളം മൈൽസ് ഒരു സാഹസിക യാത്ര നടത്തുന്നതായി സിനിമയിൽ കാണാം. മൾട്ടിവേഴ്‌സിനെ രക്ഷിക്കാനുള്ള ദൗത്യം പൂർത്തിയാക്കാൻ മൈൽസ് മൊറേൽസ് കടന്നുപോകുന്ന യാത്രകളിലൂടെയും നേരിടുന്ന പ്രതിബന്ധങ്ങളിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. ചിത്രത്തിന്‍റെ ഇംഗ്ലീഷ് വോയ്‌സ് കാസ്റ്റിൽ ഉൾപ്പെടുന്നത് ബ്രയാൻ ടൈറി ഹെൻറി, ലൂണ ലോറൻ വെലെസ്, ജേക്ക് ജോൺസൺ, ജേസൺ ഷ്വാർട്‌സ്‌മാൻ, ഇസ റേ, കരൺ സോണി, ഡാനിയൽ കലുയ, ഓസ്‌കർ ഐസക് എന്നിവരാണ്.
ALSO READ:'ജാനകി ജാനേയും സിനിമ തന്നെയാണ്, പ്രദര്‍ശിപ്പിക്കാന്‍ ഒരിടം നല്‍കണം': '2018' ടീമിനും തിയേറ്റര്‍ ഉടമകള്‍ക്കും സംവിധായകന്‍റെ തുറന്ന കത്ത്