കൊവിഡ് പശ്ചാത്തലത്തില്‍ ബേസില്‍ ജോസഫിന്‍റെ (Basil Joseph) 'മിന്നല്‍ മുരളി'ക്ക് (Minnal Murali) തിയേറ്ററുകളില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. 2020ല്‍ തിയേറ്ററുകളില്‍ എത്തിക്കാനുള്ള പദ്ധതികളുമായി 2019 ഡിസംബറിൽ സിനിമയുടെ നിർമാണം ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരി അണിയറപ്രവര്‍ത്തകരുടെ ഈ പദ്ധതികളെ താളം തെറ്റിച്ചു.
പരമാവധി ശ്രമിച്ചെങ്കിലും ചിത്രം തിയേറ്ററുകളിൽ എത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നെറ്റ്‌ഫ്ലിക്‌സില്‍ ഡയറക്‌ട് ഒടിടി റിലീസായാണ് 'മിന്നില്‍ മുരളി' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. 2021 ഡിസംബർ 21നാണ് 'മിന്നല്‍ മുരളി' നെറ്റ്‌ഫ്ലിക്‌സിലൂടെ സ്‌ട്രീമിങ് ആരംഭിച്ചത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ ചിത്രത്തില്‍ ടൊവിനോ തോമസ് (Tovino Thomas) ആണ് നായകനായി എത്തിയത്.
ഒടിടി റിലീസായിരുന്നിട്ട് കൂടി ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും അഭിനന്ദനങ്ങള്‍ക്കും പ്രശംസകള്‍ക്കും അര്‍ഹമായി. 'മിന്നല്‍ മുരളി' വലിയ വിജയമായി മാറുകയും ചെയ്‌തു. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ആഗോളതലത്തിൽ ശ്രദ്ധ നേടുകയും ചെയ്‌തു.
ഇപ്പോഴിതാ 'മിന്നല്‍ മുരളി' പുതിയ ഭാവത്തില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാതാക്കള്‍. 'മിന്നല്‍ മുരളി'യെ പുതിയ ഭാവത്തില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കുമെന്ന് അറിയിച്ച് അടുത്തിടെ സംവിധായകന്‍ ബേസില്‍ ജോസഫ് രംഗത്തെത്തിയിരുന്നു. പ്രമുഖ കോമിക് മാഗസീന്‍ ടിങ്കിള്‍, അമര്‍ ചിത്രകഥ എന്നിവയിലൂടെയാകും 'മിന്നല്‍ മുരളി' വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുക.
നിര്‍മാതാവ് സോഫിയ പോളിന്‍റെ (Sophia Paul) വീക്കെന്‍റ് ബ്ലോക്ക്‌ബസ്‌റ്റേഴ്‌സും, തെലുഗു സൂപ്പര്‍താരം റാണ ദഗുപതിയുടെ സ്‌പിരിറ്റ് മീഡിയയും ചേര്‍ന്നാണ് 'മിന്നല്‍ മുരളി'യുടെ കോമിക് കഥാപാത്രത്തെ വീണ്ടും എത്തിക്കുന്നത്. നിലവില്‍ മിന്നല്‍ മുരളിയുടെ കോമിക് പുസ്‌തകങ്ങളുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.
ജൂലൈയിൽ ടിങ്കിൾ, അമർ ചിത്ര കഥ, സ്‌പിരിറ്റ് മീഡിയ എന്നിവരുമായി വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്‌തിരുന്നു. റാണ ദഗുപതിയുടെ സ്‌പിരിറ്റ് മീഡിയയുമായി സഹകരിച്ച് ടിങ്കിളിലൂടെ കോമിക്‌സിന്‍റെ ലോകത്തേയ്‌ക്കുള്ള 'മിന്നൽ മുരളി'യുടെ കടന്നുവരവ് ഈ വർഷത്തെ സാന്‍ഡിയാഗോ കോമിക് കോണില്‍ അവതരിപ്പിക്കുകയും ചെയ്‌തു.
'മിന്നൽ മുരളി ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് ആകാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്നതിനെ കുറിച്ച് അടുത്തിടെ നിര്‍മാതാവ് സോഫിയ പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 'മിന്നല്‍ മുരളി', മിന്നൽവേർസ് എന്നോ, മുരളിവേർസ് എന്നോ അതോ ഏതെങ്കിലും ഒരു മാർവല്‍ ആയിത്തീരുമോ എന്നതിനെ കുറിച്ചും സോഫിയ പോള്‍ തുറന്നു പറഞ്ഞു. 'മിന്നൽ മുരളി'യുടെ വിജയം അതിനെ കൂടുതൽ അവസരങ്ങളിലേക്ക് മുന്നോട്ട് നയിച്ചു. അവയിലൊന്ന് കോമിക് പുസ്‌തകങ്ങളിലൂടെ ഉള്ളതാണ്'. -സോഫിയ പോള്‍ പറഞ്ഞു.
അതേസമയം 'മിന്നല്‍ മുരളി' ഒരു സമ്പൂർണ്ണ സീരീസിലേക്ക് വിപുലീകരിക്കാനുള്ള സാധ്യതയെ കുറിച്ചും സോഫിയ പോള്‍ വെളിപ്പെടുത്തി. 'മിന്നൽ മുരളി' ലോകത്തെ കുറിച്ച് ഞങ്ങൾക്ക് കൂടുതൽ പദ്ധതികളുണ്ട്. ഈ പ്രോജക്‌ടുകളില്‍ ഒന്നിനെ കുറിച്ച് ഞങ്ങള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും.' -സോഫിയ പോള്‍ കൂട്ടിച്ചേര്‍ത്തു.
Also Read:പുതിയ ഭാവത്തില്‍ മിന്നല്‍ മുരളി ; സൂപ്പര്‍ ഹീറോയുടെ കോമിക്‌സ് ഇനി ടിങ്കിളിലും അമര്‍ ചിത്രകഥയിലും