തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ നായകനായെത്തിയ തമിഴ് ചിത്രം 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്. ഹിന്ദി പതിപ്പില്‍ അക്ഷയ് കുമാര്‍ ആണ് നായകനായെത്തുന്നത്. ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ഇന്‍സ്‌റ്റഗ്രാമിലൂടെ നടന്‍ അക്ഷയ് കുമാറാണ് ഇക്കാര്യം പങ്കുവച്ചത്. 2023 സെപ്റ്റംബർ ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഒരു അടിക്കുറിപ്പോടു കൂടി പുതിയ പോസ്‌റ്റര്‍ പങ്കുവച്ചു കൊണ്ടാണ് താരം റിലീസ് തീയതി പ്രഖ്യാപിച്ചത്.
'ഞങ്ങൾ പുറപ്പെടാൻ തയ്യാറായി കഴിഞ്ഞു! പ്രൊഡക്ഷൻ നമ്പർ 27 (പേരിടാത്ത ചിത്രം) ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 2023 സെപ്റ്റംബർ ഒന്നിന് റിലീസ് ചെയ്യും' -ഇപ്രകാരമാണ് അക്ഷയ് കുമാര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പരേഷ് റാവൽ, രാധിക മദൻ എന്നിവരും അഭിനയിക്കുന്നുണ്ട്. സിംപ്ലിഫൈ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജിആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്‌പദമാക്കിയാണ് സുധ കൊങ്കര 'സൂരറൈ പോട്ര്' ഒരുക്കിയത്. സൂര്യ നായകനായ ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായെത്തിയത്. സിനിമയില്‍ പരേഷ് റാവലും സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു.
2021ലാണ് നിര്‍മാതാക്കള്‍ 'സൂരറൈ പോട്രി'ന്‍റെ ഹിന്ദി റീമേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അക്ഷയ് കുമാറും രാധിക മദനുമാണ് ഹിന്ദി റീമേക്കില്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്നത്. കൂടാതെ നടൻ സൂര്യയും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും. അതിഥി വേഷത്തിലാകും ചിത്രത്തില്‍ സൂര്യ പ്രത്യക്ഷപ്പെടുന്നതെന്നും സൂചനയുണ്ട്.