Sonu Sood becomes saviour : കൊറോണ വ്യാപന കാലത്ത് നിരവധി ആളുകളെ സഹായിച്ച് രംഗത്തെത്തിയ നടനാണ് സോനു സൂദ്. താരമിപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കുകയാണ്. ഒറ്റക്കാലില്‍ ഒരു കിലോമീറ്റര്‍ നടന്ന് സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടിക്ക് തുണയേകുകയാണ് സോനു സൂദ്.
ദിവസേന ഒറ്റക്കാലില്‍ നടന്ന് സ്‌കൂളില്‍ പോകുന്ന ശാരീരിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുടെ വീഡിയോ പുറം ലോകത്തെ അറിയിച്ചിരിക്കുകയാണ് സോനു സൂദ്. ട്വിറ്ററിലാണ് താരം വീഡിയോ പങ്കുവച്ചത്. ഇരുകാലുകളിലും നടക്കേണ്ട സമയമാണ് ഇതെന്ന് സോനു സൂദ് പറയുന്നു. 'ഇനി മുതൽ അവൾ രണ്ട് കാലുകളിലാകും സ്കൂളിൽ പോകുക. അവള്‍ രണ്ടുകാലിലും നടക്കാൻ ടിക്കറ്റ് അയച്ചു' - സോനു സൂദ് കുറിച്ചു.
സ്‌കൂൾ യൂണിഫോം ധരിച്ച് സ്‌കൂളില്‍ പോകുന്ന ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി ഒറ്റക്കാലിൽ ചാടിക്കയറുന്നത് വീഡിയോയിൽ കാണാം. പെണ്‍കുട്ടി കാലില്‍ പാദരക്ഷയും ധരിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ മുമ്പിൽ ഒരു ആൺകുട്ടിയും നടക്കുന്നത് കാണാം. ആൺകുട്ടിയുമായി താരതമ്യം ചെയ്യുമ്പോള്‍, ഒറ്റക്കാലിൽ നടക്കാൻ അവൾക്ക് എത്ര ബുദ്ധിമുട്ടായിരിക്കുമെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
സിമ എന്നാണ് പെണ്‍കുട്ടിയുടെ പേര്. ബിഹാറിലെ ജാമുയി ജില്ലയിലെ പാവപ്പെട്ട കുടുംബത്തിലെ അംഗം. അവളുടെ അച്ഛന് കൂലിപ്പണിയാണ്. അധ്യാപികയാകാൻ ആഗ്രഹമുള്ള സിമ ദിവസവും സ്‌കൂളിൽ പോകാൻ ഇഷ്‌ടപ്പെടുന്നു. പത്ത് വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ അവളുടെ ഒരു കാല്‍ നഷ്‌ടപ്പെടുകയായിരുന്നു. സോനു സൂദ് വീഡിയോ പങ്കുവച്ചതോടെ സിമ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.