ഹേ പ്രഭു... ഹരി രാമകൃഷ്‌ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാ ഹുവാ
സോ ബ്യൂട്ടിഫുൾ.. സോ എലഗെന്‍റ്.. ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ..
ഏട്ടായി കോഫി..
ഇതാര് പെടക്കണ മീനോ..
എന്താണ് ബ്രോ മൊഡയാണോ..നീണ്ടുകിടക്കുന്ന ലിസ്റ്റ്.. ഈ ഡയലോഗുകളെല്ലാം നിങ്ങൾ വായിച്ചത് പോലും അതേ ഈണത്തിലും താളത്തിലുമായിരിക്കും. റീലുകളായും ഷോർട്‌ഫിലിമുകളായും ട്രോളുകളായും പലപ്പോഴും സമൂഹ മാധ്യമങ്ങൾ നമ്മളെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. എന്നാൽ, ഈ വർഷം കുറച്ചധികം ഡയലോഗുകൾ ചിരിപ്പൂരം തീർത്ത വൈറൽ ലിസ്റ്റിൽ ഉൾപ്പെടുന്നു.
വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഷോർട് ഫിലിമുകളിൽ നിന്നും റീലുകളിൽ നിന്നൊക്കെയായി ചിരിപ്പൂരം തീർത്ത ഒരു പിടി ഡയലോഗുകൾ. അവയിൽ പലതും നമ്മൾ നിത്യജീവിതത്തിൽ പോലും ഉപയോഗിച്ചു. ഇപ്പോഴും റിപ്ലൈ കൗണ്ടറുകൾക്കായി ഇത്തരം ഡയലോഗുകൾ വാരി വിതറുന്നു. കമന്‍റ് ബോക്‌സും ചാറ്റ് ബോക്‌സും എന്തിന് തൊട്ടടുത്തിരിക്കുന്ന സുഹൃത്തുക്കൾ പോലും ഈ ഡയലോഗുകൾ കൊണ്ട് അമ്മാനമാടി.
സൈബറിടത്തിലെ കൂട്ടച്ചിരി..(Social Media Viral 2023)
ഹേ പ്രഭു...ഹരി രാമകൃഷ്‌ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാ ഹുവാ
വെള്ളപ്പൊക്കം ബാധിച്ച ഉത്തരേന്ത്യൻ ഗ്രാമത്തിൽ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടന്ന് മൂന്ന് യുവാക്കൾ ചേർന്ന് വ്ളോഗ് ചിത്രികരിക്കുന്നു. വെള്ളം കയറിയതിനെപ്പറ്റി ആശങ്കയോടെ മുന്നിൽ നിൽക്കുന്ന യുവാവ് പറഞ്ഞു തുടങ്ങി. എന്നാൽ ആശങ്കകളെല്ലാം ഒറ്റ ഡയലോഗിൽ കാറ്റിൽപറത്തി കൂട്ടത്തിലൊരുവൻ പറഞ്ഞ ഡയലോണ് സൈബറിടത്തിൽ നിലവിലെ വൈറൽ ഐറ്റം. ആ ഡയലോഗാണ് ഹേ പ്രഭു... ഹരി രാമകൃഷ്‌ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാ ഹുവാ..ട്രോളുകളിലുംകൂട്ടം കൂടിയിരുന്നുള്ള കുശലം പറച്ചിലിലുമുൾപ്പെടെ സംഗതി തരംഗം തീർത്തു.
സോ ബ്യൂട്ടിഫുൾ.. സോ എലഗനന്‍റ്.. ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ!
ഡൽഹിയിലെ വ്യവസായിയായ ജാസ്‌മീൻ കൗർ എന്ന സ്‌ത്രീയാണ് ഈ വൈറൽ ഡയലോഗിന് പിറകിൽ. ബോളിവുഡ് താരം ദീപിക പദുകോൺ മുതൽ കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്‌ണവും പീയൂഷ് ഗോയലുമടക്കം ഈ ഡയലോഗ് പല സന്ദർഭങ്ങളിൽ ഉപയോഗിച്ചു. ജാസ്‌മീൻ കൗർ സ്വന്തം കടയിലെ തുണിത്തരങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടാണ് ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ എന്ന ഡയലോഗ് പറയുന്നത്. സംഭവം വൈറലായതോടെ മറ്റൊരു യൂട്യൂബറായ യാഷ്‌രാജ് മുഖാത്തെ തന്‍റെ ഒരു പുതിയ സംഗീതസദസിന് വേണ്ടി ഈ ഡയലോഗ് ഉപയോഗിക്കുകയും ചെയ്‌തു.
ഏട്ടായി... കോഫീ
ഏട്ടായി വന്നോ..
ഭാസ്‌കരേട്ടാ.. ഇന്ന് അപ്പുവേട്ടന്‍റെ പിറന്നാളാ..
വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ഷോർട്‌ഫിലിമുകളും ആൽബങ്ങളും തപ്പിയെടുത്ത് എയറിലാക്കി വൈറൽ ആക്കുന്നതിന് ട്രോളന്മാർക്ക് വലിയൊരു പങ്കുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഷോർട്ട്ഫിലിമായിരുന്നു 'കളിപ്പാവ'. 2021ലാണ് ഈ ഷോർട്ട്ഫിലിം പുറത്തുവന്നത്.
എന്നാൽ 2023ൽ സംഭവം ട്രോളന്മാരുടെ കണ്ണിൽപ്പെട്ടതോടെ ഏട്ടായിയും പൊന്നൂസും ഭാസ്‌കരേട്ടനുമൊക്കെ എയറിലായി. ഈ ഷോർട്ട്ഫിലിമിലെ നായിക കഥാപാത്രമായ പൊന്നൂസ് പറയുന്ന ഡയലോഗുകളാണ് ഏട്ടായി കോഫി, ഏട്ടായി വന്നോ, ഭാസ്‌കരേട്ടാ ഇന്ന് അപ്പുവേട്ടന്‍റെ പിറന്നാളാ എന്നിവയെല്ലാം.. ഇതിൽ ഏട്ടായി കോഫി എന്ന ഡയലോഗ് തീർത്ത ഓളം ചെറുതൊന്നുമല്ല. ആരൊക്കെ വന്നാലും പോയാലും ഏട്ടായിയുടെ തട്ട് താണ് തന്നെ ഇരിക്കും എന്ന കമന്‍റ് ഇല്ലാത്ത കമന്‍റ്ബോക്‌സും ഇല്ല.
ഇതാര് പെടയ്‌ക്കണ മീനോ..
എന്‍റെ മോളുടെ പിറന്നാള് വിളിക്കാൻ വന്നതാ..
2020ൽ പുറത്തിറങ്ങിയ കായൽ എന്ന ഷോർട്ട്ഫിലിമിലെ പ്രധാന കഥാപാത്രമായ അമ്പിളിയോട് നായകൻ ചോദിക്കുന്നു, ഇതാര് പെടയ്‌ക്കണ മീനോ.. ചോദ്യത്തിന് പിന്നാലെ അമ്പിളിയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളും വേറെ. ഷോർട്ട്ഫിലിമിലെ തുടക്കം മുതൽ ഒടുക്കം വരെയുള്ള അച്ചടിഭാഷ സംസാരരീതിയും കാണികളിൽ ചിരി പടർത്തി.
ഡയലോഗുകളും ഡയലോഗ് ഡെലിവറിയും ഭാവാഭിനയവും കൊണ്ട് ചിരിപ്പൂരം. ഇതിനിടയിൽ കല്ലൂസൻ എന്ന വില്ലൻ കഥാപാത്രം നായികയുടെ കൈയ്‌ക്ക് പിടിച്ച് നിർത്തിയത്രേ, നായിക ഓടി വന്ന് നായകനോട് പരാതി പറയുന്നു. സീൻ എത്ര സീരിയസാണെന്ന് മനസിലായല്ലോ.. ഫ്രെയിമിൽ എല്ലാരും സീരിയസായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു ചേച്ചി കയറി വന്ന് പിറന്നാൾ ക്ഷണിച്ചിട്ട് ദേ പോണു..എന്‍റെ മോളുടെ പിറന്നാള് വിളിക്കാൻ വന്നതാ എല്ലാരും വരണം എന്നൊരു ഡയലോഗും സോഷ്യൽ മീഡിയ അടക്കിവാണു.
എന്താണ് ബ്രോ മൊഡയാണോ
ദേ ചേച്ചി പിന്നേം..
ഡയലോഗുകൾ കൊണ്ട് വൈറലായ ചുണ്ണാമ്പ് എന്ന ഷോർട്ട്ഫിലിം. അടിപൊട്ടും എന്ന് തോന്നിക്കുന്ന സീനുകളിൽ പോലും പ്രേക്ഷകന് ചിരിപൊട്ടും. സന്ദർഭവും ഡയലോഗും അഭിനയവും എല്ലാം അത്ര രസകരം.
ഇത് ചേട്ടായിയുടെ ജീവിതത്തിൽ നടന്ന കഥയല്ലേ..
'മണ്ണപ്പം ചുട്ടുകളിക്കണ പ്രായത്തിൽ' എന്ന് തുടങ്ങുന്ന ആൽബത്തിലെ ഗാനവും വൈറലായിരുന്നു. പാട്ട് കേട്ട് രസിച്ചതിനേക്കാൾ അതിനിടയിലെ സംഭാഷണമാണ് പ്രേക്ഷകന് പെരുത്തിഷ്‌ടമായത്. ഒരു പ്രണയകഥ അഭിനയിക്കാൻ വന്ന പെൺകുട്ടി നായകനോട് ഇത് ചേട്ടായിയുടെ ജീവിതത്തിൽ നടന്ന കഥയല്ലേ എന്ന് ചോദിക്കുന്നു. തുടർന്ന് ചേട്ടായിയെ ആശ്വസിപ്പിക്കുകയും നല്ലൊരു പെണ്ണിനെ കിട്ടുമെന്നു പറയുകയും ചെയ്യുന്നു. വേറെ ആരെയും കിട്ടിയില്ലെങ്കിൽ എന്‍റെ വീട്ടിലേക്ക് വന്നോളാനും ഒരു ഡയലോഗ്. അരുൺ ജോർജ് എഴുതി അഭിനയിച്ച ഈ പാട്ടും ഡയലോഗും റീൽസ് അങ്ങ് ഏറ്റെടുക്കുകയായിരുന്നു.
നീ ഷൂപ്പറാടാ..
പീറ്ററിലൂടെയെത്തിയ നീ ഷൂപ്പറാടാഅറിയാത്തവരുണ്ടാകില്ല.. അമേരിക്കൻ അനിമേറ്റഡ് സിറ്റ് കോമായ ഫാമിലി ഗായ്‌യുടെ മലയാളി ഡബ്ബ്ഡ് വേർഷൻ ആയ കുടുംബക്കാരനിലെ പീറ്ററിലൂടെ സോഷ്യൽ മീഡിയയിലേക്കെത്തിയ നീ ഷൂപ്പറാടാ. നിഹാൽ മുഹമ്മദ് എന്ന വീഡിയോ ക്രിയേറ്ററാണ് പീറ്ററിന് ശബ്‌ദം കൊടുത്തത്. സംഭവം എന്തായാലും കേറിയങ് ഹിറ്റായി.
വൗ ആയിട്ട്..
ഇതാണ് ജബർമ.. സോറി ഷവർമ
ട്രാൻസ് വുമൺ ആയ വാവ നിയാഷ എന്ന വീഡിയോ ക്രിയേറ്ററാണ് വൗ ആയിട്ട് എന്ന ഡയലോഗിന് പിറകിൽ. ഒരു മിനിട്ട് വീഡിയോയിൽ പല തവണ, തലങ്ങും വിലങ്ങും വാരി വിതറുന്ന വൗ ആയിട്ട്എന്ന ഡയലോഗ്. വാവ നിയാഷക്ക് മാത്രം സാധ്യമാകുന്ന പറച്ചിൽ. ഇതിനിടയിൽ ഷവർമ കഴിക്കാനെടുത്തിട്ട് ഇതാണ് ജബർമ എന്ന് തെറ്റിപ്പറഞ്ഞ വീഡിയോയും വൈറലായി. അതോടെ ജബർമ ഡയലോഗിനും ഫാൻസുകാരായി.