മുംബൈ:'ജയിച്ചു കഴിഞ്ഞാൽ എല്ലാവർക്കും ഒരു പ്ലാൻ ഉണ്ടായിരിക്കും, പക്ഷെ തോറ്റുകഴിഞ്ഞാലോ? തോറ്റു കഴിഞ്ഞാൽ അതിനെ എങ്ങനെ ഉൾക്കൊള്ളണമെന്നും മുന്നോട്ട് പോകണമെന്നും ആരും നമുക്ക് പറഞ്ഞു തരുന്നില്ല.' ഇന്ത്യൻ സിനിമ ലോകത്തിൻ്റെ ഹൃദയത്തിൽ കനൽ കോരിയിട്ട് ഭൂമിയിൽ നിന്ന് വിട പറഞ്ഞ പ്രശസ്‌ത ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുതിൻ്റെ 'ചിച്ചോരെ' എന്ന സിനിമയിൽ നിന്നുള്ള ഒരു ഡയലോഗാണിത്.
നടൻ മരിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും ഇപ്പോഴും അദ്ദേഹം ആരാധകരുടെയും സഹപ്രവർത്തകരുടെയും ഉള്ളിൽ ഉണ്ടാക്കി വച്ച മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. മുംബൈയിലെ ബാന്ദ്രയിലുള്ള സ്വവസതിയിലാണ് 2020 ജൂൺ 14 ന് ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുതിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നടൻ്റെ മരണത്തെ തുടർന്ന് ബോളിവുഡിൽ ഉണ്ടായ വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. മയക്കു മരുന്നു കേസുകൾ, ബോളിവുഡിലെ സ്വജനപക്ഷപാതം ഇവയെല്ലാം സുശാന്തിൻ്റെ മരണത്തെ തുടർന്ന് വലിയ വാർത്തയായിരുന്നു.
മരണം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല:സുശാന്തിൻ്റെ മരണം തികച്ചും ആത്‌മഹത്യയാണെന്നും അതിൽ ദുരൂഹതയൊന്നും ഇല്ലെന്നും വിദഗ്‌ദ ഡോക്‌ടർമാർ അടക്കം വിധിയെഴുതിയെങ്കിലും അതുകൊണ്ടൊന്നും ആരാധകരോ മാധ്യമങ്ങളോ അടങ്ങിയിരുന്നില്ല. നാടക രംഗത്ത് കരിയർ ആരംഭിച്ച സുശാന്ത് പിന്നീട് സീരിയലിലും അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് താരം സിനിമയിലേക്കുള്ള തൻ്റെ ശ്രമങ്ങൾ ആരംഭിച്ചത്.
തുടർന്ന് ബോളിവുഡ് സ്റ്റാർ എന്ന നിലയിൽ ഉയർന്ന താരം, ഇതുവരെയുള്ള ശ്രമങ്ങളിലൊന്നും തനിക്ക് നിരാശ തോന്നിയിട്ടില്ലെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അങ്ങനെ ഒരു വ്യക്തിത്വത്തിന് ഉടമയായ നടൻ്റെ മരണം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.