മുംബൈ:പ്രശസ്‌ത പിന്നണി ഗായകന്‍ സോനു നിഗമിൻ്റെ തത്സമയ സംഗീത പരിപാടിക്കിടെ സംഘർഷമുണ്ടായതുമായി ബന്ധപ്പെട്ട് ഒരാള്‍ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. തിങ്കളാഴ്‌ച രാത്രി ചേമ്പൂരില്‍ വച്ച് നടന്ന പരിപാടിക്കിടെയാണ് സംഭവം. മറ്റൊരാൾക്കെതിരെയുള്ള ഉപദ്രവം, തടഞ്ഞുവയ്‌ക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
സോനു നിഗമിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 323 (സ്വമേധയാ ഉപദ്രവിച്ചതിനുള്ള ശിക്ഷ), 341 (തെറ്റായ സംയമനം), 337 (മറ്റുള്ളവരുടെ ജീവനോ വ്യക്തിസുരക്ഷയേയോ അപകടത്തിലാക്കുന്ന തരത്തിലുള്ള ഉപദ്രവിക്കൽ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തത്സമയ സംഗീത പരിപാടിക്ക് ശേഷം സോനു നിഗം സ്റ്റേജിൽ നിന്ന് ഇറങ്ങി വരുമ്പോൾ അദ്ദേഹത്തെ തടയുകയും ബലം പ്രയോഗിച്ച് പിടിച്ചു നിർത്താൻ ശ്രമിക്കുകയുമായിരുന്നു.
എതിർപ്പിനെത്തുടർന്ന് ഗായകനെയും കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും സ്റ്റെപ്പിൽ നിന്ന് പ്രതി തള്ളി താഴെയിട്ടു. താഴെ വീണ രണ്ടുപേരിൽ ഒരാൾക്ക് പരിക്കേറ്റു. റബ്ബാനി എന്നയാൾക്കാണ് പരിക്കേറ്റത്. സ്വപ്‌നിൽ ഫാറ്റർപേക്കർ എന്നാണ് പ്രതിയുടെ പേര്, ഡിസിപി ഹേംരാജ്‌സിങ് രാജ്‌പുത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ തുടർന്ന് സോനു നിഗം ചേമ്പൂർ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല.
ശിവസേന എംഎൽഎയുടെ മകനാണ് പ്രതിയെന്നാണ് പ്രാദേശിക വൃത്തങ്ങൾ പറയുന്നത്. സെൽഫിക്കായി ഗായകൻ്റെ അടുത്തെത്തിയ പ്രതിയും സോനു നിഗമിൻ്റെ സെക്യൂരിറ്റിയും തമ്മിൽ വാക്കേറ്റമുണ്ടായതാണ് സംഭവങ്ങളുടെ തുടക്കം. 'ഞാൻ സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോൾ ഒരാൾ എന്നെ പിടിച്ചു, എന്നിട്ട് എന്നെ രക്ഷിക്കാൻ വന്ന ഹരിയേയും റബ്ബാനിയേയും അയാൾ തള്ളിയിട്ടു. അപ്പോൾ ഞാൻ പടിയിൽ വീണു. 'വീണസ്ഥലത്ത് ഇരുമ്പ് കമ്പിയോ മറ്റോ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് ജീവനോടെ ഉണ്ടാകില്ല', സോനു നിഗം പറഞ്ഞു.
സാധാരണക്കാരെ ബോധവത്കരിക്കാനാണ് താൻ പരാതി നൽകിയതെന്ന് സോനു മൊഴിയിൽ വ്യക്തമാക്കി. 'ബലമായി സെൽഫിയോ ചിത്രമോ എടുക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് ആളുകൾ ചിന്തിക്കാനാണ് ഞാൻ പരാതി നൽകിയത്', ഗായകന്‍ പറഞ്ഞു.
'ഞാൻ സോനുജിയുമായി സംസാരിച്ചു, ഇതുവരെ, ഞങ്ങൾക്ക് അത്തരം തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പ്രതിക്ക് ഒരു സെൽഫി എടുക്കാൻ ആഗ്രഹമുണ്ടായിരുന്നു, അല്ലെങ്കിൽ മാധ്യമങ്ങളുടെ ശ്രദ്ധ സമ്പാദിക്കാൻ ശ്രമിച്ചതാകാം. കാരണം കണ്ടെത്താൻ ഞങ്ങൾ കൂടുതൽ അന്വേഷിക്കുന്നതായിരിക്കും', ഡിസിപി രാജ്‌പുത് പറഞ്ഞു.
സെൽഫിക്ക് വേണ്ടി സോനു നിഗമിൻ്റെ അടുത്തേക്ക് എത്താൻ ശ്രമിച്ചതായിരുന്നു പ്രാദേശിക എംഎൽഎയുടെ മകൻ. എന്നാൽ സോനു നിഗത്തിൻ്റെ ബോഡി ഗാർഡ് അദ്ദേഹത്തെ തിരിച്ചറിയാതെ തടഞ്ഞുവെന്നും പിന്നീട് അംഗരക്ഷകനുമായി ചെറിയ വാക്കേറ്റമുണ്ടായെന്നും തുടർന്ന് ഒന്നോ രണ്ടോ പേർ സ്റ്റേജിൽ നിന്ന് വീഴുകയുമായിരുന്നു, ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനാൽ ഇത് ആക്രമണമായി കണക്കാക്കേണ്ടതില്ല, ചതുർവേദി പറഞ്ഞു.